മാഡ്രിഡ് : ഫിഫ വനിതാ ലോക കപ്പിന് ശേഷം സ്പാനിഷ് താരമായ ജെന്നിഫര്‍ ഹെര്‍മോസോയെ അനുവാദമില്ലാതെ ചുംബിച്ചതിൽ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ തലവനായ ലൂയിസ് റൂബിയാലെസിനെതിരേ അച്ചടക്ക നടപടികളുമായി ഫിഫ. നടപടികൾ ആരംഭിച്ചതായി ഫിഫ ലൂയിസിനെ അറിയിച്ചിട്ടുണ്ട്.
ഫിഫ ലോകകപ്പിൽ സ്പെയിൻ കിരീടം ഉയർത്തിയതിന് തുടർന്ന് താരങ്ങൾക്ക് സ്വർണ്ണ മെഡൽ സമ്മാനിക്കുന്നതിനിടയിൽ ലൂയിസ് ജെന്നിഫറിനെ കെട്ടിപ്പിടിക്കുകയും ചുണ്ടിൽ ചുംബിക്കുകയും ചെയ്തിരുന്നു. പെരുമാറ്റത്തിൽ ഉണ്ടായ അതൃപ്തി താരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് സംഭവം വിവാദമായത്.
വിജയ നിമിഷത്തിൽ അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നും വനിതാ താരങ്ങളുമായി ലൂയിസിന് നല്ല അടുപ്പമാണെന്നും താരം പിന്നീട് വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ ലൂയിസിനെതിരെ കർശന നടപടികൾ എടുക്കണമെന്ന ആവശ്യം മാദ്ധ്യമങ്ങൾ അടക്കം ഉയർത്തിയിരുന്നു. തുടർന്ന് താരത്തോട് ലൂയിസ് ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ കായികരംഗത്തെ അപകീർത്തി പെടുത്തുന്ന രീതിയിൽ പെരുമാറിയ (ആർട്ടിക്കിൾ 13) വകുപ്പ് ചുമത്തിയാണ് ഫിഫ അച്ചടക്ക നടപടികൾ ആരംഭിച്ചിരിക്കുന്നത്.
Discussion about this post