വയനാട്: തലപ്പുഴയിൽ ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ബ്രേക്ക് കിട്ടാതെ വന്നതാണ് കേരളത്തെ നടുക്കിയ വൻ ദുരന്തത്തിന് കാരണമായത് എന്നാണ് വിവരം. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഡ്രൈവർ മണിയാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. സംഭവത്തിൽ ഇയാളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
കണ്ണോത്തുമലയിൽ വളവ് തിരിയുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. വളവ് തിരിയുന്നതിനിടെ ബ്രേക്ക് ചവിട്ടാൻ ശ്രമിച്ചപ്പോൾ ബ്രേക്ക് കിട്ടിയില്ല. ഇതോടെ വാഹനം നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനം അമിത വേഗതയിലായിരുന്നോ എന്ന കാര്യത്തിൽ സംശയമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. ഇത് പരിശോധിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഡ്രൈവർ മണികണ്ഠൻ ഉൾപ്പെടെ 14 പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. അഞ്ച് പേർക്ക് സാരമായ പരിക്കുണ്ട്. മണികണ്ഠൻ ഉൾപ്പെടെ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചിത്ര, ശോഭന, കാർത്യായനി, ഷാജ. ചിന്നമ്മ, റാബിയ, ലീല, ശാന്ത, റാണി എന്നിവരാണ് മരിച്ചത്. മണികണ്ഠൻ, ജയന്തി, ഉമാദേവി, ലത, മോഹനസുന്ദരി എന്നിവരാണ് ചികിത്സയിലുള്ളത്. മക്കിമല ആറാം നമ്പർ മേഖലയിൽ നിന്നുള്ളവരാണ് മരിച്ചവരെല്ലാം. അപകടത്തിൽ പെട്ടത് ഡിടിടിസി കമ്പനിയിലെ തോട്ടം തൊഴിലാളികളാണ്.
Discussion about this post