ന്യൂഡൽഹി: ഗർഭനിരോധന മാർഗ്ഗം പരാജയപ്പെട്ടാൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗർഭച്ഛിദ്ര വിരുദ്ധ എൻജിഒ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സ്ത്രീയോ പങ്കാളിയോ ഉപയോഗിച്ച ഗർഭനിരോധന മാർഗ്ഗം പരാജയപ്പെട്ടാൽ ഗർഭച്ഛിദ്രം അനുവദിക്കുന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി നിയമപ്രകാരമുള്ള വ്യവസ്ഥകൾ നീക്കം ചെയ്യണമെന്നായിരുന്നു ആവശ്യം.
സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് അൺബോൺ ചൈൽഡ് എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഹർജി പരിഗണിക്കാനുള്ള ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്. 1971ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി ആക്ടിലെ സെക്ഷൻ 3(2)ലെ വ്യവസ്ഥ ഭരണഘടനയുടെ 14, 21 വകുപ്പുകൾക്കെതിരാണെന്നും അതിനാൽ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ സുപ്രീംകോടതി ഹർജി തള്ളുകയായിരുന്നു.
ഇതൊരു പൊതുതാൽപര്യ ഹർജിയാണെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. അപ്പോൾ ചീഫ് ജസ്റ്റിസിൻറെ പ്രതികരണം ഇങ്ങനെയായിരുന്നു- ‘എംടിപി(മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി വ്യവസ്ഥകൾ) നിയമത്തിലെ വ്യവസ്ഥകളെ ചോദ്യംചെയ്യുന്നതിൽ എന്ത് പൊതുതാൽപര്യം? പാർലമെൻറ് സ്ത്രീകളുടെ താൽപ്പര്യത്തിനായി ചില വ്യവസ്ഥകൾ ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങൾ ഈ ഹർജി പിൻവലിച്ച് മറ്റു പ്രതിവിധികൾ തേടുന്നതാണ് നല്ലത്.’ ഇതോടെ ഹർജി പിൻവലിക്കാൻ തയ്യാറാണെന്ന് അഭിഭാഷകൻ അറിയിച്ചു. ഹർജിക്കാരന് ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
Discussion about this post