ന്യൂഡൽഹി: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങിയതിന് ദിവസങ്ങൾക്ക് ശേഷം, ഗഗൻയാൻ ദൗത്യത്തിന് കീഴിൽ രാജ്യം ‘വ്യോംമിത്ര’ എന്ന വനിതാ റോബോട്ടിനെ ബഹിരാകാശത്തേക്ക് അയയ്ക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ്. ഒക്ടോാബർ ആദ്യ പകുതിയിൽ ട്രയൽ യാത്ര നടത്തും. പ്രാഥമിക പരീക്ഷണങ്ങൾക്ക് ശേഷമുള്ള ദൗത്യത്തിലായിരിക്കും വ്യോംമിത്ര ബഹിരാകാശത്തേക്ക് പറക്കുക. മനുഷ്യരുടെ പ്രവൃത്തികൾ അനുകരിക്കാൻ സാധിക്കുന്ന റോബോട്ട് ആണ് വ്യോമിത്ര.രണ്ട് ഭാഷകൾ സംസാരിക്കുന്ന ഹാഫ് ഹ്യുമനോയിഡായ വ്യോംമിത്രയെ നിരവധി ജോലികൾ ചെയ്യാൻ കഴിയുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
കോവിഡ് മഹാമാരിയെ തുടർന്നാണ് ഗഗൻയാൻ പദ്ധതി വൈകിയതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ബഹിരാകാശ യാത്രികരെ അയക്കുന്നതിനേക്കാൾ രാജ്യം പ്രധാന്യം കൊടുക്കുന്നത് അവരെ സുരക്ഷിതമായി തിരികെ എത്തിക്കുക എന്നതിലാണെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. പരീക്ഷണപറക്കലിന് പിന്നാലെ രണ്ടാമത്തെ ദൗത്യമായാണ് ഹ്യുമനോയിഡിനെ ബഹിരാകാശത്തേക്ക് അയക്കുന്നത്. എല്ലാം ശരിയായി നടന്നാൽ മുന്നോട്ട് പോകാനുള്ള കരുത്ത് ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബഹിരാകാശത്തേക്ക് പോകുന്ന വാഹനം ഭൂമിയിലേക്ക് തിരിച്ചിറക്കുക എന്നതാണ് പ്രധാന വെല്ലുവിളി. ഇന്ത്യ കൃത്രിമോപഗ്രഹങ്ങൾ വിക്ഷേപിക്കാനും ചന്ദ്രയാൻ ദൗത്യത്തിലുമെല്ലാം ഉപയോഗിച്ച ബഹരികാശ വാഹനങ്ങൾ ഭൂമിയിൽ തിരിച്ചിറക്കാൻ സാധിക്കുന്നവയല്ല. ഉപഗ്രഹങ്ങളും പേടകങ്ങളും ലക്ഷ്യത്തിലെത്തിക്കുന്ന മുറയ്ക്ക് സ്വയം നശിച്ചു പോകുന്ന രീതിയിലാണ് ഇവയുടെയെല്ലാം പ്രവർത്തനം. ഇതിനു പകരം, ബഹിരാകാശ യാത്ര നടത്തി തിരിച്ച് ഭൂമിയിലിറങ്ങാൻ സാധിക്കുന്ന റീഎൻട്രി റോക്കറ്റുകളാണ് ഗഗൻയാൻ ദൗത്യത്തിനു വേണ്ടി ഐഎസ്ആർഒ നിർമിക്കുന്നത്.
Discussion about this post