മുസാഫർനഗർ : ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ഏഴു വയസ്സുകാരനെ അദ്ധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിപ്പിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഇരയുടെ അമ്മാവന്റെ മകൻ നദീം രംഗത്ത്. നദീം ആയിരുന്നു വൈറലായ ഈ വീഡിയോ പകർത്തിയത്. അദ്ധ്യാപിക തൃപ്ത ത്യാഗി മുസ്ലീങ്ങൾക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല എന്നാണ് നദീം വെളിപ്പെടുത്തുന്നത്. സംഭവത്തിൽ മതപരമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് നേരത്തെ കുട്ടിയുടെ പിതാവും വ്യക്തമാക്കിയിരുന്നു.
മുസ്ലീം കുട്ടികളുടെ അമ്മമാർ മക്കളുടെ പഠനത്തിൽ ശ്രദ്ധിക്കുന്നില്ല എന്നാണ് അദ്ധ്യാപിക പറഞ്ഞതെന്നാണ് വീഡിയോ പകർത്തിയ നദീമിന്റെ വെളിപ്പെടുത്തൽ. ഈ സംഭവത്തിൽ ഇരയായ കുട്ടി സ്ഥിരമായി സ്കൂളിൽ ഗൃഹപാഠം ചെയ്യാതെ വരികയും പഠനത്തിൽ ശ്രദ്ധിക്കാതെയിരിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ശാരീരിക വൈകല്യമുള്ള അദ്ധ്യാപിക കുട്ടിയെ ശിക്ഷിക്കാൻ സഹപാഠികളോട് നിർദ്ദേശിച്ചത് എന്നാണ് പറയുന്നത്.
കുട്ടിയോട് കർക്കശമായി പെരുമാറാനും ശിക്ഷകൾ നൽകാനും വീട്ടുകാർ തന്നെ പറഞ്ഞിരുന്നു എന്നാണ് നേരത്തെ അദ്ധ്യാപിക തൃപ്ത ത്യാഗി വെളിപ്പെടുത്തിയിരുന്നത്. മുഹമ്മദീയരായ അമ്മമാർ കുട്ടികളെ അവധിക്കാലത്ത് അമ്മാവന്മാരുടെ വീടുകളിലേക്ക് അയക്കാതെ അവരുടെ പഠനത്തിൽ ശ്രദ്ധിക്കണമെന്ന് പറഞ്ഞതാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കപ്പെട്ടത് എന്നാണ് അദ്ധ്യാപിക പറയുന്നത്. ഉത്തർപ്രദേശ് പോലീസ് ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
Discussion about this post