തിരുവനന്തപുരം : രാജ്യത്തിന്റെ അഭിമാനമായ ചാന്ദ്രയാൻ 3, ചന്ദ്രനിൽ ലാന്റ് ചെയ്തതിന് പിന്നാലെ പൗർണ്ണമിക്കാവിലെത്തി ദേവിയുടെ അനുഗ്രഹം വാങ്ങി ഇസ്രോ ചെയർമാൻ ഡോ.സോമനാഥ്. ഇന്ന് രാവിലെ പത്തരയോടെയാണ് വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ അദ്ദേഹം ദർശനത്തിനെത്തി. തുടർന്ന് മുൻ നിശ്ചയിച്ച പ്രകാരം പൂജകളിൽ പങ്കെടുത്തു.
ചാന്ദ്രയാൻ -3 ദൗത്യത്തിന്റെ ആരംഭം മുതൽ ഡോ.സോമനാഥ് എല്ലാ പൗർണ്ണമിക്കും ഈ ക്ഷേത്രത്തിൽ എത്തി പ്രത്യേക പൂജകൾ നടത്തിയിരുന്നു. ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ സോമനാഥിന് ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു. എൽ.പി.എസ്.സി ഡയറക്ടർ ഡോ. വി.നാരായണൻ, വി.എസ്.എസ്.ഇ ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രഗ്യാൻ റോവറിന്റെ ചെറുമാതൃകയും പൊന്നാടയും നൽകിയായിരുന്നു സംഘത്തെ വരവേറ്റത്.
അടുത്ത 13-14 ദിവസങ്ങളെ വളരെ ആവേശത്തോടെയാണ് നോക്കികാണുന്നതെന്ന് എസ് സോമനാഥ് പറഞ്ഞിരുന്നു. മിക്ക ശാസ്ത്രീയ ദൗത്യ ലക്ഷ്യങ്ങളും പൂർത്തീകരിക്കാൻ പോകുകയാണ്. ലഭിക്കുന്ന എല്ലാ വിവരങ്ങളും ശുഭപ്രതീക്ഷയാണ് നൽക്കുന്നത്. എന്നാൽ വരും ദിവസങ്ങളിൽ ചന്ദ്രനിൽ നിരീക്ഷണം നടത്തുമെന്നും ധാരാളം ഡാറ്റകൾ ശേഖരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post