ഭുവനേശ്വർ: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തതോടെ ചാന്ദ്രയാൻ 3 ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. പലരീതിയിലാണ് ഈ അഭിമാനനേട്ടത്തെ രാജ്യം ആഘോഷിക്കുന്നത്. ഇതിനിടെ അഭിമാനനിമിഷത്തെയും രക്ഷാബന്ധൻ ദിവസത്തെയും ഒരുമിച്ച് ചേർത്ത് രാഖി നിർമ്മിക്കുകയാണ് ഒഡീഷയിലെ കുട്ടികൾ.
ഒഡീഷ ആസ്ഥാനമായുള്ള ആശായെൻ എന്ന ആർട്ട് സ്‌കൂളിലെ വിദ്യാർത്ഥികളാണ് വ്യത്യസ്ത രീതിയിൽ ചാന്ദ്രയാൻ 3 ന്റെ വിജയം ആഘോഷിക്കുന്നത്. ചേരി നിവാസികളായ കുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്. മാതാപിതാക്കളെ സഹായിക്കാൻ തെരുവിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ നിർബന്ധിതരായ ഇവർ ഇന്ന് പുതിയ പാതയിലാണ്. പാഴ് വസ്തുക്കൾ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായി നിർമ്മിക്കുന്ന രാഖിയുടെ തീം ചാന്ദ്രയാനാണ്. കോട്ടൺ, കമ്പിളി, ഐസ്‌ക്രീം സ്റ്റിക്കുകൾ, കോൺഫ്‌ലോർ,കളിമണ്ണ് എന്നിവയാണ് രാഖി നിർമ്മാണത്തിന് ഉഫയോഗിക്കുന്നത്.
സ്‌കൂളിലെ 230 ഓളം കുട്ടികളാണ് ചാന്ദ്രയാൻ 3 രാഖികൾ നിർമ്മിക്കുന്നത്. ഇവ ഓരോന്ന് 50 രൂപയ്ക്കാണ് വിൽക്കുന്നത്. സ്‌കൂളിൽ ക്ലാസ് കഴിഞ്ഞതിന് ശേഷമാണ് രാഖി നിർമ്മിക്കുന്നത്. ഇതിനോടകം തന്നെ 500 ഓളം രാഖി നിർമ്മിച്ച് വിറ്റഴിച്ച് കഴിഞ്ഞു.
‘ഭിക്ഷാടനത്തിനും തുണിയലക്കലിനും പകരം അവർ മാന്യമായ ജീവിതം നയിക്കുന്നു. എല്ലാവരും അവരുടെ കൈകൊണ്ട് നിർമ്മിച്ച രാഖി വാങ്ങി ഐഎസ്ആർഒയുടെ വിജയം ആഘോഷിക്കണമെന്നും ഈ കുട്ടികളെ മാന്യമായി ജീവിക്കാൻ സഹായിക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നുവെന്ന് ആശായെൻ സ്ഥാപകൻ രത്‌നാകർ സാഹു പറഞ്ഞു.
Discussion about this post