ശ്രീനഗർ: കശ്മീരിൽ വനിതാ ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചതിന് സൈന്യത്തെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം മിതാലി രാജി. ഇത് തീർച്ചയായും മഹത്തായ ചുവടുവെപ്പാണ്. കശ്മീരിലെ പെൺകുട്ടികൾക്ക് തങ്ങളുടെ മികവ് പ്രകടമാക്കാൻ ഇങ്ങനെ ഒരു അവസരമൊരുക്കിയ ഇന്ത്യൻ സൈന്യം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നുവെന്ന് മിതാലി പറഞ്ഞു.
കശ്മീരി പെൺകുട്ടികൾ ഭംഗിയായി ക്രിക്കറ്റ് കളിക്കുന്നുണ്ട്. അവരുടെ പ്രകടന മികവ് തന്നെ അത്ഭുതപ്പെടുത്തി. തീർച്ചയായും അവസരം ലഭിച്ചാൽ ഇവർ ഇന്ത്യൻ വനിതാ ക്രിക്കറ്റിന് മുതൽക്കൂട്ടാകുമെന്നും മിതാലി രാജ് പറഞ്ഞു. ജമ്മു കശ്മീർ ലഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹയ്ക്കൊപ്പം കശ്മീർ വനിതാ ക്രിക്കറ്റ് ലീഗിന്റെ സമാപന ചടങ്ങിൽ സംബന്ധിക്കുകയായിരുന്നു, ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ ഇതിഹാസ താരം.
ഒരാഴ്ച മുൻപ് ആരംഭിച്ച ലീഗിൽ കശ്മീർ ഡിവിഷനിൽ നിന്നുള്ള 12 ടീമുകൾ മാറ്റുരച്ചു. അനന്ത്നാഗ് റിബൽസും ബുദ്ഗാം സ്ട്രൈക്കേഴ്സും തമ്മിലായിരുന്നു ഫൈനൽ. വിജയികൾക്കും മികച്ച പ്രകടനം നടത്തിയവർക്കുമുള്ള ട്രോഫികളും കാഷ് പ്രൈസും ലെഫ്റ്റ്നന്റ് ഗവർണർ വിതരണം ചെയ്തു. സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
Discussion about this post