ടോക്കിയോ: ചാന്ദ്രദൗത്യത്തിന്റെ വിക്ഷേപണ തീയതി മാറ്റി ജപ്പാൻ. രാജ്യത്തിന്റെ ആദ്യ ചാന്ദ്രദൗത്യമാണ് മാറ്റിവച്ചത്. ലൂണാർ പേടകം വഹിക്കുന്ന H2A റോക്കറ്റ് വിക്ഷേപണമാണ് മാറ്റിയത്. പ്രതികൂലകാലാവസ്ഥ കാരണമാണ് തീരുമാനമെന്നാണ് വിവരം.പുതുക്കിയ തീയതി പുറത്തുവിട്ടിട്ടില്ല.
രാവിലെ 9:26 ന്, H2A റോക്കറ്റ് ജപ്പാന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള കഗോഷിമ പ്രിഫെക്ചറിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിക്കാൻ നിശ്ചയിച്ചിരുന്നു. എന്നാൽ വിക്ഷേപണത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കേ കണക്കുകൂട്ടലുകൾ പിഴയ്ക്കുകയായിരുന്നു.
ചാന്ദ്രപര്യവേഷണത്തിനുള്ള സ്മാർട്ട് ലാൻഡർ അഥവാ SLIM, ആണ് രാജ്യം വികസിപ്പിച്ചെടുത്തത്. ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസി ( JAXA ) പറയുന്നത് അനുസരിച്ച് ചന്ദ്രനിലെ പാറകൾ പര്യവേക്ഷണം ചെയ്യുക, കൃത്യമായ ലാൻഡിംഗ് നടപടിക്രമങ്ങൾ പ്രദർശിപ്പിക്കുക എന്നിവയാണ് ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ. ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന യുഎസ് നേതൃത്വത്തിലുള്ള ആർട്ടെമിസ് പ്രോഗ്രാം , പേടകം ശേഖരിക്കുന്ന ഡാറ്റ ഉപയോഗിക്കും.ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ പേടകം വിജയകരമായി ഇറക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറും. ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യ വിജയകരമായി ചാന്ദ്രയാൻ 3 നെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്.
Discussion about this post