ന്യൂഡൽഹി: ചന്ദ്രയാൻ-3ന്റെ വിജയാഘോഷങ്ങൾ പൂർത്തിയാകുന്നതിന് മുൻപേ സൗരദൗത്യമായ ആദിത്യ-എൽ1ന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐ എസ് ആർ ഒ. 2023 സെപ്റ്റംബർ 2ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ആദിത്യ-എൽ1 സൂര്യനെ ലക്ഷ്യമാക്കി പ്രയാണം ആരംഭിക്കുമെന്നാണ് ഐ എസ് ആർ ഒ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബർ 2ന് പകൽ 11.50ന് പി എസ് എൽ വിയിലായിരിക്കും ആദിത്യ-എൽ1ന്റെ വിക്ഷേപണം.
https://twitter.com/isro/status/1696097793616793910
സൂര്യനെ കുറിച്ച് പഠിക്കാൻ ഇന്ത്യ നിയോഗിക്കുന്ന ആദ്യ നിരീക്ഷണ ദൗത്യമാണ് ആദിത്യ-എൽ1. ഭൂമിയിൽ നിന്നും 1.5 ദശലക്ഷം കിലോമീറ്ററുകൾ അകലെ സൂര്യന്റെ ലാഗ്രേഞ്ജിയൻ പോയിന്റ് (എൽ1)ലെ ഭ്രമണപഥത്തിൽ നിന്നാകും ആദിത്യ-എൽ1 സൗരനിരീക്ഷണം നടത്തി വിവരങ്ങൾ കൈമാറുക.
തടസങ്ങളോ ഗ്രഹണങ്ങളോ ബാധിക്കാതെ സൂര്യനെ തുടർച്ചയായി നിരീക്ഷിക്കാം എന്നതാണ് ലാഗ്രേഞ്ജിയൻ പോയിന്റിന്റെ സവിശേഷത. സൗരപ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ ഇവിടെ നിന്ന് സാധിക്കുന്നു.
വൈദ്യുത കാന്തിക ഡിറ്റക്ടറുകളുടെയും പാർട്ടിക്കിൾ ഡിറ്റക്ടറുകളുടെയും സഹായത്തോടെ സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ എന്നിവയെയാണ് ആദിത്യ-എൽ1 പഠന വിധേയമാക്കുക. സൗരക്കൊടുങ്കാറ്റുകൾ, കണികാ വിസരണം, ഗ്രഹാന്തര മാദ്ധ്യമങ്ങൾ എന്നിവയെ കുറിച്ച് നിർണായക വിവരങ്ങൾ ലഭ്യമാക്കാൻ ആദിത്യ-എൽ1ന് സാധിക്കും എന്നാണ് ഐ എസ് ആർ ഒ അറിയിക്കുന്നത്.
Discussion about this post