ധാക്ക: ബംഗ്ലാദേശിൽ മൗലാനയുടെ പീഡനത്തെ തുടർന്ന് മദ്രസ വിദ്യാർത്ഥി മരിച്ചു. ധാക്ക സ്വദേശിയായ 12 കാരനാണ് മരിച്ചത്. സംഭവത്തിൽ മൗലാന സലീം ഗാസിയ്‌ക്കെതിരെ കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസമായിരുന്നു കുട്ടി മരിച്ചത്. നൂറാണിയിലെ മദിനാത്തുൾ ഉലൂം കഓമിയ ഹഫീസിയ എന്ന മദ്രസയിലെ വിദ്യാർത്ഥിയാണ് കുട്ടി. കഴിഞ്ഞ ഒരു വർഷക്കാലമായി ഇവിടുത്തെ അദ്ധ്യാപകൻ കൂടിയായ മൗലാന സലീം കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് വിവരം. എന്നാൽ ഇയാളെ ഭയന്ന് കുട്ടി ഇക്കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ല.
ഇതിനിടെ ഒരാഴ്ച മുൻപ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് അണുബാധയുണ്ടാകുകയായിരുന്നു. ആരോഗ്യനില വഷളായതോടെ വിദ്യാർത്ഥിയെ മദ്രസ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെയാണ് കുട്ടി നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിരുന്നതായി വ്യക്തമായത്.
ഒരാഴ്ചയോളം വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. എന്നാൽ അപ്പോഴേക്കും അണുബാധ ആന്തരികാവയവങ്ങളെ കൂടി ബാധിക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്. ഇതോടെ വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
ബൗഫോൾ പോലീസിലാണ് പരാതി നൽകിയിട്ടുള്ളത്. കുട്ടിയുടെ മരണ ശേഷം സലീം ഒളിവിൽ പോയിരിക്കുകയാണെന്നാണ് വിവരം. ഇയാൾക്കായി ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. അടുത്തിടെയായി മദ്രസകളിൽ വിദ്യാർത്ഥികൾക്ക് നേരായ അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. മദ്രസ വിദ്യാർത്ഥികൾ പീഡിപ്പിക്കപ്പെട്ടതായുള്ള നിരവധി സംഭവങ്ങളാണ് ഇതിനോടകം തന്നെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.











