ന്യൂഡൽഹി : രാജ്യം ഇന്ന് കായിക മേഖലയിൽ മുന്നേറ്റം കൈവരിക്കുകയാണ്. ഓരോ അന്താരാഷ്ട്ര മത്സരങ്ങളിലും മെഡലുകൾ കൊയ്തുകൊണ്ട് ഇന്ത്യയുടെ ചുണക്കുട്ടികൾ രാജ്യത്തിന്റെ അഭിമാനമാവുന്നു. ബുഡാപെസ്റ്റിൽ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ജാവ്‌ലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണ്ണം നേടിയതോടെ ഇതിന് ഇരട്ടി മധുരമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യവും നൽകുന്ന പ്രചോദനമാണ് ഇന്ന് ഞങ്ങളെ ഈ ഉയരങ്ങളിൽ എത്തിക്കുന്നത് എന്ന് കായിക താരങ്ങൾ നിസ്സംശയം പറയുന്നുണ്ട്.
അടുത്തിടെ ചൈനയിൽ വെച്ച് നടന്ന വേൾഡ് യൂണിവേഴ്‌സിറ്റി ഗെയിംസിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ കാഴ്ചവെച്ചത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. 11 സ്വർണം ഉൾപ്പെടെ 26 മെഡലുകളാണ് രാജ്യം നേടിയത്. മൻ കീ ബാത്ത് പരിപാടിയിലൂടെ പ്രധാനമന്ത്രി ചില താരങ്ങളുമായി സംസാരിക്കുകയും ചെയ്തു.
സംവാദത്തിനിടെ പ്രധാനമന്ത്രിക്ക് ഏത് കായിക വിനോദമാണ് ഇഷ്ടമെന്ന് ഒരു കൊച്ചു മിടുക്കൻ ചോദിച്ചു. ഇതിന് പ്രധാനമന്ത്രി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ”കായിക മേഖലയിൽ ഇന്ത്യ നന്നായി മുന്നേറണം, അതിന് വേണ്ടിയാണ് ഞാൻ ഇവ വളരെയധികം പ്രോത്സാഹിപ്പിക്കുന്നത്. ഹോക്കി, ഫുട്‌ബോൾ, കബഡി, ഖോ-ഖോ എന്നിവ നമ്മുടെ മണ്ണുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നവയാണ്. ഈ കായിക ഇനങ്ങളിൽ നാം ഒരിക്കലും പിന്നിലാകരുത്. അമ്പെയ്ത്തിലും ഷൂട്ടിംഗിലും നമ്മുടെ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. യുവ തലമുറയിലും നമ്മുടെ കുടുംബങ്ങളിൽ പോലും സ്‌പോർട്‌സിനോടുള്ള മനോഭാവം മാറിയിട്ടുണ്ട്” മോദി പറഞ്ഞു.
” നേരത്തെ കുട്ടികൾ കളിക്കാൻ പോയാൽ മാതാപിതാക്കൾ തടയുമായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം മാറിമറിഞ്ഞു, വീടുകളിൽ നിന്ന് തന്നെ കുട്ടികൾക്ക് പ്രോത്സാഹനം ലഭിക്കുന്നു. നമ്മുടെ കുട്ടികൾ പങ്കെടുക്കുന്നിടത്ത് നിന്നെല്ലാം ബഹുമതികൾ വാരിക്കൂട്ടുന്നു. സ്‌കൂളുകളിലും കോളേജുകളിലും അവ ചർച്ച ചെയ്യപ്പെടുന്നുമുണ്ട്” മോദി കൂട്ടിച്ചേർത്തു.
Discussion about this post