കോട്ടയം: ജോലിയുമായി ബന്ധിപ്പിച്ച് തുടരുന്ന സൈബർ ആക്രമണത്തിനെതിരെ പോലീസിൽ പരാതി നൽകി അച്ചു ഉമ്മൻ. പോലീസ്, സൈബർ സെൽ, വനിതാ കമ്മീഷൻ എന്നിവർക്കാണ് പരാതി നൽകിയത്. പരാതിയിൽ കർശന നടപടി സ്വീകരിക്കണമെന്ന് അച്ചു ഉമ്മൻ ആവശ്യപ്പെട്ടു.
സൈബർ ആക്രമണവും വ്യക്തിഹത്യയും രൂക്ഷമായ സാഹചര്യത്തിലാണ് അച്ചു ഉമ്മൻ പരാതിയുമായി സമീപിച്ചത്. സിപിഎമ്മിന്റെ സൈബർ പോരാളികൾ വ്യക്തിഹത്യ നടത്തുവെന്ന് അച്ചു ഉമ്മൻ പരാതിയിൽ പറയുന്നു. പ്രിയപ്പെട്ടവരെ അപമാനിച്ചു. പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഉമ്മൻചാണ്ടിക്ക് ലഭിച്ച സ്നേഹത്തിലും ആദരവിലും അസ്വസ്ഥരായവരാണ് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതെന്ന് നേരത്തെ അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നൽകിയത്. കോൺഗ്രസ് നേതാക്കളുടെ നിർദ്ദേശാനുസരണമാണ് പരാതി നൽകിയത് എന്നാണ് സൂചന.
ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ സിപിഎം വേട്ടയാടിയെന്നും മരിച്ചപ്പോൾ കുടുംബത്തെയാണ് വേട്ടയാടുന്നത് എന്നുമായിരുന്നു അച്ചു ഉമ്മൻ പറഞ്ഞത്. ഇതെല്ലാം ഇവിടുത്തെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. പുതുപ്പള്ളിക്കാരുടെ മനസിൽ ഉമ്മൻ ചാണ്ടിയുടെ ഓർമ്മയ്‌ക്കോ സ്‌നേഹത്തിനോ കറപിടിപ്പിക്കാനൊന്നും സാധിക്കില്ലെന്നും അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു.
Discussion about this post