റായ്പുർ : ഛത്തീസ്ഗഡിൽ തുടർച്ചയായി രണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടു. വടക്കൻ ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലാണ് തിങ്കളാഴ്ച രാത്രി ഭൂചലനങ്ങൾ ഉണ്ടായത്. 3.8, 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഇവിടെ അനുഭവപ്പെട്ടത്. ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
30 മിനിറ്റിനുള്ളിലാണ് രണ്ടുതവണ ഭൂചലനം ഉണ്ടായത്. തിങ്കളാഴ്ച രാത്രി 8:04 നായിരുന്നു ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. തുടർന്ന് രാത്രി 8:26 ന് റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും അനുഭവപ്പെട്ടു. സർഗുജ ജില്ലയിലെ അംബികാപൂരിന് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു.
ആദ്യ ഭൂചലനം അനുഭവപ്പെട്ടതോടുകൂടി നിരവധി പേർ വീടുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങിയിരുന്നു. തീവ്രത കുറഞ്ഞ ഭൂചലനമായിരുന്നെന്നും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.
Discussion about this post