ബീജിംഗ്: ജി20 സമ്മേളനം പടിവാതിൽക്കലെത്തി നിൽക്കെ ഇന്ത്യക്കെതിരെ പ്രകോപനപരമായ നീക്കവുമായി ചൈന. അക്സായ് ചിൻ, തായ്വാൻ, ദക്ഷിണ ചൈന കടൽ, അരുണാചൽ പ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുത്തി ചൈന തങ്ങളുടെ 2023ലെ ഭൂപടം പ്രസിദ്ധീകരിച്ചു.
ചൈനയുടെ സ്വാഭാവിക അതിരുകളും മറ്റ് രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ അതിരുകളും പരിഗണിച്ചാണ് തങ്ങൾ ഭൂപടം തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ചൈന അവകാശപ്പെടുന്നത്. ചൈനയുടെ നടപടിയെ ന്യായീകരിച്ച്, ഭൂപടം പ്രസിദ്ധീകരിച്ച വാർത്ത ചൈനീസ് മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
അതേസമയം അരുണാചൽ പ്രദേശ് സമ്പൂർണമായും രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അടുത്തയിടെയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതിനെതിരായ ഏതൊരു നീക്കവും ഇന്ത്യയുടെ പരമാധികാരത്തിനെതിരായ നീക്കമായി കണക്കിലെടുക്കും. ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു.








