ഗുവാഹട്ടി: പക്ഷികൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു എന്ന അത്ഭുത പ്രതിഭാസത്തിന് സാക്ഷിയായി ഒരു ഇന്ത്യൻ ഗ്രാമം. അസമിലെ ജതിംഗ ഗ്രാമത്തിലാണ് ഈ വിചിത്ര പ്രതിഭാസം. പ്രശാന്ത സുന്ദരമായ ഈ ഗ്രാമത്തിലെ ഈ പ്രതിഭാസത്തിന്റെ കാരണമറിയാതെ കുഴങ്ങുകയാണ് ഗ്രാമവാസികളും ഗവേഷകരും.
രണ്ടായിരത്തി അഞ്ഞൂറോളം പേർ മാത്രം അധിവസിക്കുന്ന ഈ ഗ്രാമം പക്ഷികളുടെ കൂട്ട ആത്മഹത്യകളുടെ പേരിലാണ് ലോകപ്രശസ്തമായിരിക്കുന്നത്. അസമിന്റെ തലസ്ഥാനമായ ഗുവാഹട്ടിയിൽ നിന്നും 330 കിലോമീറ്റർ കിഴക്കാണ് ജതിംഗ. എല്ലാ വർഷവും സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് ഇവിടെ ഈ വിചിത്ര സംഭവങ്ങൾ അരങ്ങേറുന്നത്. വൈകുന്നേരം 6.00 മണിക്കും രാത്രി 9.30നും ഇടയിലാണ് പക്ഷികൾ ആത്മഹത്യ ചെയ്യുന്നത്. പ്രാദേശിക പക്ഷികൾ മാത്രമല്ല, ദേശാടനക്കിളികളും ഇവിടെ ഇത്തരത്തിൽ മരണം വരിക്കാറുണ്ട്.
ഈ പ്രതിഭാസത്തിന്റെ തൃപ്തികരമായ വിശദീകരണങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല. സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന പക്ഷികളുടെ ആത്മഹത്യയുടെ വീഡിയോയെ ചുറ്റിപ്പറ്റി പലതരം കഥകളാണ് പലരും പറഞ്ഞു പരത്തുന്നത്.
ഈ പ്രതിഭാസത്തിന് പിന്നിൽ ചില ദുരാത്മാക്കളാണ് എന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. ക്ഷീണിതരായി, ഊർജ്ജം നഷ്ടപ്പെട്ട, നിലതെറ്റിയ പക്ഷികൾ മരങ്ങളിലും തെരുവ് വിളക്കുകളിലും കെട്ടിടങ്ങളിലും സ്വയം ചെന്നിടിച്ചാണ് മരണം വരിക്കുന്നത്.
ഗോത്രപരമായ കാരണങ്ങളാൽ വർഷത്തിലെ ഒൻപത് മാസവും പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന ഗ്രാമമാണ് ജതിംഗ. ഇവിടേക്ക് രാത്രികാലങ്ങളിൽ പുറത്ത് നിന്നും വരുന്നവർക്ക് പ്രവേശനമില്ല.
ഏകദേശം നാൽപ്പതോളം വിഭാഗങ്ങളിൽ പെടുന്ന പക്ഷികളാണ് ഇവിടെ ആത്മഹത്യ ചെയ്യുന്നത്. ഗ്രാമത്തിന് നേരിട്ട ശാപം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഗ്രാമത്തിലെ ചില മുതിർന്നവർ പറയുന്നു. എന്നാൽ പ്രദേശത്തെ ചില വൈദ്യുത കാന്തിക തരംഗങ്ങളുടെ പ്രവർത്തനം മൂലമാണ് ഇത് സംഭവിക്കുന്നത് എന്നാണ് ചില ഗവേഷകർ പറയുന്നത്. ഏതായാലും ജതിംഗയിലെ ഈ വിചിത്ര പ്രതിഭാസം ഇന്നും ശാസ്ത്രലോകത്തിന് പിടികൊടുക്കാതെ തുടരുകയാണ്.
1910 മുതലാണ് ജതിംഗയിൽ ഈ പ്രതിഭാസം ആരംഭിച്ചത് എന്നാണ് ചരിത്ര രേഖകൾ പറയുന്നത്. എന്നാൽ 1957ൽ മാത്രമാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്. കാര്യകാരണങ്ങൾ എന്തൊക്കെയായാലും, പക്ഷികളുടെ ആത്മഹത്യയുടെ പേരിൽ ഭൂമിയിലെ നിഗൂഢമായ സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യയിലെ ഈ ഗോത്ര ഗ്രാമം.
Discussion about this post