ശബരിമല: സന്നിധാനത്ത് പോലീസ് വേഷത്തിലെത്തി തട്ടിപ്പിനു ശ്രമിച്ച കോഴിക്കോടു സ്വദേശി അറസ്റ്റില്‍. പേരാമ്പ്ര കുട്ടോത്ത് നീലഞ്ചേരികണ്ടി വീട്ടില്‍ വി.കെ. ശശികുമാറിനെയാണ്(38) സന്നിധാനം പോലീസ് അറസ്റ്റുചെയ്തത്.
പോലീസ് വേഷം ധരിച്ച ശശിയുടെ ഷര്‍ട്ടിന്റെ തോള്‍ഭാഗത്ത് കെപി എന്ന അടയാളം പതിച്ചിരുന്നില്ല. ഇതാണ് കൂടുതല്‍ സംശയങ്ങള്ക്കിടയാക്കിയത്. ശശികുമാര്‍ വി.കെ, പോലീസ് ഓഫീസര്‍ എന്ന നെയിംബോര്‍ഡാണ് വച്ചിരുന്നത്. പോലീസ് ബാരക്കിനു മുന്നില്‍വച്ചിരുന്ന ഇയാളുടെ ബാഗും പോലീസ് കണ്ടെടുത്തു. ബാഗില്‍ ഒരു ജോഡി പോലീസ്വേഷവും ഷു, കാക്കി നിറത്തിലുള്ള സോക്സ്, പോലീസിന്റെ അധികാര ചിഹ്നം പതിക്കാത്ത നീലത്തൊപ്പി എന്നിവയും ഉണ്ടായിരുന്നു. കോഴിക്കോട്ട് പോലീസ് വേഷങ്ങള്‍ ലഭിക്കുന്ന കടയില്‍ നിന്നാണ് ഇത് വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ് ചരാത്രി സന്നിധാനത്തെത്തിയ ഇയാള്‍ ശനിയാഴ്ച പകല്‍ പതിനൊന്നരയോടെ വടക്കേ നടയുടെ ഭാഗത്ത് തീര്‍ത്ഥാടകരെ നെയ്യഭിഷേക ക്യൂവിലേക്ക് കടത്തിവിടുന്ന ജോലിയിലേര്‍പ്പെട്ടു. സംശയം തോന്നിയ തീര്‍ത്ഥാടകരാണ് വിവരം പോലീസില്‍ അറിയിച്ചത്.
ഷാഡോ പോലീസെത്തി ഇയാളെ തിരിച്ചറിഞ്ഞിതിനെത്തുടര്ന്ന് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സന്നിധാനം എസ്.ഐ. അശ്വിത്ത് എസ്. കാരാണ്മയിലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സന്നിധാനത്ത് എവിടെയെങ്കിലും ജോലി ചെയ്യുന്നതായുള്ള യാതൊരു രേഖയും ഇയാളുടെ പക്കലില്ല. അതേസമയം പോലീസ് നല്കിയ പി.സി.സി.സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ട്.
പോലീസ്വേഷം ധരിച്ച് തട്ടിപ്പിലൂടെ പണമുണ്ടാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. മുമ്പ് സെക്യൂരിറ്റിയായി ജോലിചെയ്തിരുന്നതായി ഇയാള്‍ പറഞ്ഞു.
Discussion about this post