കൊൽക്കത്ത: കൊൽക്കത്ത പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്ത പാക്കിസ്താൻ രഹസ്യാന്വേഷണ ഏജൻസിയുടെ ചാരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ബിഹാറിലെ ദർഭംഗ സ്വദേശിയാണ് പ്രതി.ഭക്ത് ബൻഷി ഝാ എന്നാണ് പേര്. ഇയാൾ ഹൗറയിലെ ഒരു റെയിൽപ്പാലവും അതിനോടു ചേർന്നുള്ള ഒരു പ്രശസ്തമായ ക്ഷേത്രവും സ്‌ഫോടനത്തിൽ തകർക്കാൻ പദ്ധതിയിട്ടിരുന്നെന്നു വിവരം.
ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ, ഓൺലൈൻ ചാറ്റുകൾ എന്നിവയുടെ രൂപത്തിലുള്ള രഹസ്യ വിവരങ്ങൾ ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തി. ഇവ പാകിസ്താനിലെ ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് അയച്ചതാണെന്നാണ് വിവരം.
പ്രതി, പാക് ചാരസംഘടനയിലെ അംഗമായ ഒരു സ്ത്രീക്ക് റെയിൽപ്പാലത്തിന്റെയും ക്ഷേത്രത്തിന്റെയും ചിത്രങ്ങൾ അയച്ചു കൊടുത്തതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായ വിവരങ്ങൾ ലഭിച്ചു. പാക് ആസ്ഥാനമായുള്ള ഭീകര സംഘടനകളിൽ ഉൾപ്പെട്ടവരുമായി ഝാ സമൂഹമാധ്യമങ്ങളിലൂടെ കൈമാറിയ നിരവധി സന്ദേശങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ വീണ്ടെടുത്തു. പ്രതി ഡൽഹിയിൽ കുറേക്കാലം താമസിച്ചിരുന്നു. അവിടെ ഇയാൾ പ്രതിരോധ മേഖലയിലുള്ള ചിലതിന്റെ സുപ്രധാനമായി ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെന്നാണ് വിവരം.
കൊൽക്കത്തയിൽ ഒരു കൊറിയർ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു 36 കാരനായ ചാരയുവാവ്. പ്രാദേശിക കോടതി ഇയാളെ സെപ്തംബർ 6 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.ഐപിസിയിലെയും ഔദ്യോഗിക രഹസ്യ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Discussion about this post