ന്യൂഡൽഹി : വ്യാജ പാസ്‌പോർട്ടുമായി ബംഗ്ലാദേശ് സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ. ഇമിഗ്രേഷൻ ക്ലിയറൻസിനിടെ ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബംഗ്ലാദേശിലെ ചിറ്റഗോങ് സ്വദേശിയായ അനുപം ബറുവയാണ് പിടിയിലായത് എന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ദക്ഷിണ കൊറിയയിൽ നിന്നാണ് ഇയാൾ ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.
അനുപം ഖേർ എന്നാണ് പേരെന്നും മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് വീടെന്നുമാണ് ഇയാൾ ആദ്യം പറഞ്ഞത്. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ പ്രതി ബംഗ്ലാദേശിയാണെന്ന് വ്യക്തമായി. 2015ൽ ബംഗ്ലാദേശിൽ നിന്ന് ഹരിദാസ്പൂർ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐസിപി) വഴി ബംഗ്ലാദേശ് പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിലെത്തിയെന്നും, കൊൽക്കത്തയിൽ ഒരു ദിവസം തങ്ങിയെന്നും പ്രതി വെളിപ്പെടുത്തി. തുടർന്ന് ബിഹാറിലെ ബോധ് ഗയയിൽ പോയി രണ്ട് ദിവസം ബുദ്ധന്മാരുടെ ആശ്രമത്തിൽ തങ്ങി. അവിടെ നിന്ന് നാഗ്പൂരിലേക്ക് പോയി, ജോയ് കുമാർ എന്നയാളുടെ സഹായത്തോടെ വ്യാജ ആധാർ കാർഡും പാൻ കാർഡും പിന്നീട് ഇന്ത്യൻ പാസ്പോർട്ടും സ്വന്തമാക്കി. ഈ രേഖകളെല്ലാം ലഭിക്കാൻ ജോയ് കുമാറിന് 20,000 രൂപയാണ് നൽകിയത്.
തുടർന്ന് ബംഗ്ലാദേശിലേക്ക് അനധികൃതമായി നിരവധി തവണ യാത്രകൾ നടത്തി. 2016-ൽ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് തായ്ലൻഡിലേക്ക് പോയ പ്രതി 2017-ൽ ഇന്ത്യയിൽ തിരിച്ചെത്തി. വീണ്ടും ബംഗ്ലാദേശ് പാസ്പോർട്ട് ഉപയോഗിച്ച് 2017-ൽ ബംഗ്ലാദേശിലേക്ക് പോയി. തിരിച്ച് ഹരിദാസ്പൂർ ബോർഡർ വഴി ഇന്ത്യയിലെത്തി. പിന്നീട് ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് ദക്ഷിണ കൊറിയയിലേക്ക് കടന്നു.
അവിടെ നിർമ്മാണ് തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു. ദക്ഷിണ കൊറിയയിൽ അധിക കാലം താമസിച്ചതിന് പോലീസ് പിടികൂടി ഇന്ത്യയിലേക്ക് കടത്തി. ഇവിടേക്ക് തിരിച്ചെത്തിയപ്പോഴാണ് പ്രതി പിടിയിലായത്.
Discussion about this post