സ്റ്റോക്ഹോം: ബലാത്സംഗ ആരോപണത്തില്‍ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ സ്വീഡന് ചോദ്യം ചെയ്യും. സ്വീഡനുമായി ഉഭയകക്ഷി ബന്ധത്തിലേര്പ്പെടുന്നതായുള്ള സൂചന ഇക്വഡോര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ഇക്കാര്യം പുറത്തുവന്നത്.
മദ്ധ്യ ലണ്ടനിലെ കെന്‍സിംഗ്ടണിലെ എംബസില്‍ ചോദ്യംചെയ്യലിന് തയ്യാറാണെന്ന് ഏപ്രിലില്‍ തന്നെ അസാഞ്ച് സമ്മതിച്ചിരുന്നു. ഇക്കാര്യത്തിലുള്ള ചര്‍ച്ച വ്യാഴാഴ്ച നടക്കുമെന്ന് അസാഞ്ചിന്റെ സ്വീഡന്‍കാരനായ അഭിഭാഷകന് പെര് സാമുവല്‍സണ്‍ അറിയിച്ചു.
ഇക്വഡോര്‍ വിദേശകാര്യമന്ത്രി സേവ്യര്‍ ലാസോയും സ്വീഡന് അന്താരാഷ്ട്ര നീതിവകുപ്പ് തലവന്‍ അന്നാ കാരിന് സ്വെന്സണും ജൂണ്‍ മുതല്‍ ചര്‍ച്ച നടത്തിവരികയാണ്. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധം ശക്തിപ്പെടുന്നതിന്റെ തെളിവാണ് ലണ്ടനിലെ എംബസിയിലെത്തി ചോദ്യം ചെയ്യാമെന്ന സ്വീഡന്റെ തീരുമാനമെന്ന് ഇക്വഡോര്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
സ്റ്റോക്ക് ഹോമിലേക്ക് സഞ്ചരിക്കുമ്പോള്‍ അമേരിക്ക പിടികൂടുന്നതില്‍ നിന്ന് സംരക്ഷണം ഉറപ്പുവരുത്താനാകില്ലെന്ന് സ്വീഡന് പറഞ്ഞതിനാലാണ് ഈ തീരുമാനമെടുക്കേണ്ടി വന്നതെന്ന് അസാഞ്ച് പറയുന്നു. ചോദ്യം ചെയ്യാനാകാത്തതിനാല്‍ രണ്ട് സ്ത്രീകളുടെ ബലാത്സംഗ ആരോപണങ്ങളില്‍ അസാഞ്ചിനെതിരെ കുറ്റം ചുമത്തിയിട്ടില്ല. മൂന്ന് കൊല്ലത്തോളമായി ലണ്ടനിലെ ഇക്വഡോര്‍ നയതന്ത്രകാര്യാലയത്തിലെ അഭയാര്‍ത്ഥിയായി കഴിയുകയാണ് അസാഞ്ച്.
Discussion about this post