ന്യൂഡൽഹി: സിംഗപ്പൂരിന് അരി നൽകാൻ തീരുമാനിച്ച് ഇന്ത്യ. ഉടൻ അരിയുടെ കയറ്റുമതി ആരംഭിക്കും. സിംഗപ്പൂരിന്റെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് അരിയുടെ കയറ്റുമതി വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചത്. അടുത്തിടെ വിദേശരാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിർത്തിവച്ചിരുന്നു.
കേന്ദ്രവിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ബന്ധം ഏറെ നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വ്യാപാരം, സമ്പത്ത്, ആളുകൾ എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സിംഗപ്പൂരിന് അരി നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഉടൻ പുറപ്പെടുവിക്കുമെന്നും അരിന്ദം ബാഗ്ചി കൂട്ടിച്ചേർത്തു.
ആഗോളവിപണയിൽ അരിയുടെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിലായിരുന്നു കയറ്റുമതി നിരോധിച്ചത്. ബസുമതി അരി ഒഴികെയുള്ള അരികളുടെ കയറ്റുമതിയായിരുന്നു താത്കാലികമായി നിർത്തിവച്ചത്. ഇത് സിംഗപ്പൂരുൾപ്പെടെ ഇന്ത്യയിൽ നിന്നും അരി വാങ്ങുന്ന രാജ്യങ്ങളെ ബാധിച്ചിരുന്നു.
Discussion about this post