ജയ്പൂർ: ഭീകരാക്രമണത്തിനായി രാജസ്ഥാനിലേക്ക് സ്‌ഫോടക വസ്തുക്കൾ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ കൂടി അറസ്റ്റിൽ. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരായ മുഹമ്മദ് യൂനസ് സാകി, ഇമ്രാൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷമായിരുന്നു ഭീകരാക്രമണം ലക്ഷ്യമിട്ട് എത്തിച്ച വൻ സ്‌ഫോടക ശേഖരം പിടിച്ചെടുത്തത്.
സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിലായിരുന്നു. ഇവർക്ക് വേണ്ടി ഊർജ്ജിത അന്വേഷണം തുടർന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ഇവരെക്കുറിച്ചുള്ള വിവരം എൻഐഎയ്ക്ക് ലഭിച്ചിരുന്നു. ഇതോടെ ഇവരെ എൻഐഎ നിരീക്ഷിക്കാൻ ആരംഭിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐഇഡി ഉപയോഗിക്കാൻ വിദഗ്ധ പരിശീലനം നേടിയവരാണ് ഇരുവരുമെന്ന് എൻഐഎ വ്യക്തമാക്കി.
കോഴി ഫാം നടത്തിയായിരുന്നു ഇമ്രാൻ ഖാൻ ഉപജീവനം നടത്തിയിരുന്നത്. ഇവിടെ വച്ചായിരുന്നു ഐഇഡി നിർമ്മാണവും പരിശീലനവും. ഇതേ തുടർന്ന് കഴിഞ്ഞ മാസം ഈ ഫാം എൻഐഎ കണ്ടുകെട്ടിയിരുന്നു. കൂടുതൽ വിവരങ്ങൾക്കായി ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അനുബന്ധ സംഘടനയായ സുഫയിലെ അംഗങ്ങളാണ് ഇമ്രാൻ ഖാനും, മുഹമ്മദ് യൂനസ് സാകിയും. അറസ്റ്റിന് ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ഇരുവരെയും ജയ്പൂരിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കി. നിലവിൽ ഇവർ റിമാൻഡിലാണ്.
Discussion about this post