ന്യൂഡല്‍ഹി : പ്രതിരോധ മേഖലയിലെ സഹകരണം ഉറപ്പ് വരുത്തുന്നതിനും ബന്ധം ശക്തമാക്കാനും ലക്ഷ്യമിട്ട് ഇന്ത്യ – കെനിയ നയതന്ത്ര ആസൂത്രണം. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ പ്രതിരോധത്തിനും സുരക്ഷയ്ക്കും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ കരാറുകള്‍ ഒപ്പു വച്ചു. കെനിയന്‍ കാബിനറ്റ് സെക്രട്ടറി ഫോര്‍ ഡിഫന്‍സ് ആഡന്‍ ബെയര്‍ ഡ്യുവല്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രതിരോധ മേഖലയില്‍ കൂടുതല്‍ വിപുലമായ സഹകരണത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. ത്രിദിന ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഡ്യുവല്‍ രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയാത്.
കപ്പല്‍ രൂപകല്പനയിലും നിര്‍മ്മാണത്തിനുമായി ഗോവ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും കെനിയ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും തമ്മിലുള്ള ധാരണാ പത്രത്തില്‍ ഇരു നേതാക്കളും ഒപ്പു വച്ചു. ഇരു രാജ്യങ്ങളുടേയും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ആവശ്യകതയും പ്രതിരോധ വ്യവസായ സഹകരണവും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ നിര്‍മ്മിതമായ 15 ജോഡി പാരച്യൂട്ടുകള്‍ രാജ്‌നാഥ് സിംഗ് കെനിയയ്ക്ക് സമ്മാനിച്ചു. ഇന്ത്യന്‍ മഹാസമുദ്രതിര്‍ത്തിയിലെ സംയുക്ത പരിശീലനം, സമുദ്ര സുരക്ഷാ പരിശ്രമങ്ങള്‍ക്ക് കൂട്ടായ പ്രവര്‍ത്തനം എന്നീ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി.
കൂടാതെ കെനിയയില്‍ നൂതന സിടി സ്‌കാന്‍ സൗകര്യം സ്ഥാപിക്കുന്നതിന് ഇന്ത്യയും പിന്തുണ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കുന്നതിനാണ് കൂടിക്കാഴ്ച അവസരമൊരുക്കിയത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സുരക്ഷയില്‍ കൂടുതല്‍ ആഴത്തിലുള്ള സഹകരണം ആവശ്യമാണെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ വര്‍ദ്ധിച്ചുവരുന്ന വൈദഗ്ധ്യത്തെ മിസ്റ്റര്‍ ഏഡന്‍ ബെയര്‍ ഡ്യുവല്‍ അഭിനന്ദിക്കുകയും ചെയ്തു. ആഭ്യന്തര കലാപത്തിനെതിരെയും യുഎന്‍ സമാധാന പരിപാലന മേഖലകളിലും സംയുക്ത പരിശീലനത്തിനും ഇരുപക്ഷവും പിന്തുണച്ചു. പരസ്പര താല്‍പ്പര്യമുള്ള മറ്റ് പ്രാദേശിക സുരക്ഷാ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തതായി പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയുടെ പ്രതിരോധ നിര്‍മ്മാണ ശേഷിയെക്കുറിച്ച് കൂടുതല്‍ അറിയാനായി കെനിയന്‍ പ്രതിരോധ ക്യാബിനറ്റ് സെക്രട്ടറി ഗോവയിലെയും ബംഗളൂരുവിലെയും ഇന്ത്യന്‍ കപ്പല്‍ശാലകളിലും പ്രതിരോധ വ്യവസായങ്ങളിലും സന്ദര്‍ശനം നടത്തും.
Discussion about this post