ന്യൂഡല്‍ഹി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനെതിരെ അപകീര്‍ത്തിക്കേസുമായി കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍ പങ്കാളിയായ നിയമ സ്ഥാപനം. മാത്യു കുഴല്‍ നാടനെതിരെയും നിയമ സ്ഥാപനത്തിനെതിരെയും മോഹനന്‍ നടത്തിയ തെറ്റായ പ്രസ്താവനകള്‍ പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
2.50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎംഎന്‍പി ലോ എന്ന സ്ഥാപനമാണ് ജില്ലാ സെക്രട്ടറിക്കെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്. ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പണം നല്‍കണമെന്നുമാണ് ആവശ്യം. ഇതിനു തയാറായില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും മോഹനന് സുപ്രീം കോടതി അഭിഭാഷകന്‍ മുഖേന നല്‍കിയ നോട്ടിസില്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്ക്കെതിരെ മാത്യു കുഴല്‍നാടന്‍ നടത്തിയ ആപോരണങ്ങള്‍ക്ക് പിന്നാലെ സി എന്‍ മോഹനന്‍ എറണാകുളത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് മാത്യു കുഴല്‍നാടന്‍ കൂടി പങ്കാളിയായ നിയമസ്ഥാപനത്തിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍, മോഹനന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് കമ്പനിയുടെ നിലപാട്. മോഹനന്‍ ഉന്നയിച്ചതുപോലെയുള്ള കള്ളപ്പണ ഇടപാട് നടത്തിയിട്ടില്ലെന്നും തങ്ങള്‍ക്ക് ദുബായില്‍ ഓഫീസ് ഇല്ലെന്നും നോട്ടിസില്‍ പറയുന്നു.
നിയമമേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ ഇത്തരം ആരോപണം ഉന്നയിച്ചത് അപകീര്‍ത്തികരമാണെന്ന് കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
Discussion about this post