ഇസ്ലാമാബാദ്: ഏഷ്യാ കപ്പിൽ ജയത്തോടെ തുടങ്ങിയെങ്കിലും സ്റ്റേഡിയത്തിലെ കാണികളുടെ അസാന്നിദ്ധ്യം മൂലം ട്രോളുകൾ ഏറ്റുവാങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഉദ്ഘാടന മത്സരം നടന്ന മുൾട്ടാനിൽ കാണികളുടെ എണ്ണം തുലോം ശുഷ്കമായിരുന്നു. ടിവി പ്രേക്ഷകരുടെ എണ്ണത്തിലും വൻ ഇടിവാണ് രേഖപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്.
കാണികളുടെ എണ്ണം കുറയാൻ കാരണം മുൾട്ടാനിലെ ചൂടാണ് എന്നാണ് പിസിബി നൽകുന്ന വിശദീകരണം. നേപ്പാളിനെ പോലെ ഒരു ദുർബല ടീമായിരുന്നു എതിരാളികൾ എന്നതും കാണികളുടെ എണ്ണം കുറഞ്ഞതിനുള്ള ന്യായീകരണമായി പിസിബി മുന്നോട്ട് വെക്കുന്നു. ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും പോലുള്ള ടീമുകളുടെ മത്സരങ്ങൾ വരുമ്പോൾ കാണികളുടെ എണ്ണം കൂടുമെന്നും പാക് ബോർഡ് പ്രത്യാശ പ്രകടിപ്പിക്കുന്നു.
എന്നാൽ ഏഷ്യാ കപ്പ് പോലെ ഇത്രയും ജനപ്രിയമായ ഒരു ടൂർണമെന്റിന്റെ തുടക്കം തന്നെ പാളിയത് പാകിസ്താന് തിരിച്ചടിയാവുകയാണ്. ടൂർണമെന്റിൽ ഇന്ത്യ പങ്കെടുക്കുന്ന മത്സരങ്ങൾ ശ്രീലങ്കയിലാണ് നടക്കുന്നത്. പാകിസ്താനിൽ കളിക്കാൻ ബിസിസിഐ വിസമ്മതം പ്രകടിപ്പിച്ചതോടെയാണ് ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയത്.
ടൂർണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ ഇന്ത്യ- പാകിസ്താൻ മത്സരവും ശ്രീലങ്കയിലാണ് നടക്കുക. റെക്കോർഡ് കാണികളെ പ്രതീക്ഷിക്കുന്ന ഈ മത്സരത്തിന്റെ വേദി നഷ്ടമായത് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തി വെച്ചിരിക്കുന്നത്. നോക്കൗട്ട് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയാൽ ആ മത്സരങ്ങളും പാകിസ്താനിൽ നടക്കില്ല.
കാണികളുടെ എണ്ണം കുറഞ്ഞതിന് സാമൂഹിക മാദ്ധ്യമങ്ങളിൽ പിസിബിയെ ട്രോളുകയാണ് ആരാധകർ. ഭീകരാക്രമണ ഭീഷണി ഭയന്നാണ് ഇപ്പോഴും വിദേശ കാണികൾ പാകിസ്താനെ കൈയ്യൊഴിയുന്നത് എന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. സ്വന്തം നാട്ടിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് പോരിൽ, സ്വന്തം മത്സരങ്ങൾക്ക് പോലും സ്റ്റേഡിയത്തിൽ കാണികളെ എത്തിക്കാൻ കഴിയാത്ത പിസിബിയാണോ ഏഷ്യാ കപ്പിലെ മുഴുവൻ മത്സരങ്ങളും ഒറ്റയ്ക്ക് ഏറ്റെടുത്ത് നടത്താൻ ഇരുന്നത് എന്നാണ് വിമർശകർ ചോദിക്കുന്നത്.
Discussion about this post