ബംഗലൂരു: ചന്ദ്രയാൻ ലാൻഡിംഗ് വിജയമായതിന് പിന്നാലെ ഐ എസ് ആർ ഒ ശാസ്ത്രജ്ഞന് നേരെ നടുറോഡിൽ പട്ടാപ്പകൽ ആക്രമണം. ബംഗലൂരുവിലായിരുന്നു സംഭവം. ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ ആശിഷ് ലാംബയാണ് ആക്രമിക്കപ്പെട്ടത്.
ഐ എസ് ആർ ഒ ഓഫീസിലേക്ക് വാഹനമോടിച്ച് പോകവേ സ്കൂട്ടറിലെത്തിയ അജ്ഞാതൻ വാഹനം തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നുവെന്ന് ആശിഷ് ലാംബ പറയുന്നു. താൻ വളരെ പ്രയാസപ്പെട്ടാണ് വാഹനം നിയന്ത്രിച്ചതെന്നും തലനാരിഴയ്ക്കാണ് കൂട്ടിയിടി ഒഴിവായതെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 29ന് എച്ച് എ എൽ അടിപ്പാതയ്ക്ക് സമീപമായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ വാഹനത്തിലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിൽ അക്രമിയുടെ രൂപവും അയാൾ വാഹനത്തിന്റെ ടയറിൽ ആഞ്ഞ് തൊഴിക്കുന്നതും വ്യക്തമാണ്. അയാൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ല.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അക്രമിയുടെ ചിത്രങ്ങൾ വ്യക്തമായി ലഭ്യമായിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടികളുമില്ല. പോലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ ജനരോഷം ശക്തമാണ്.
Discussion about this post