ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ വ്യാപര ശൃംഖലയായ ആമസോണിന്റെ ഡല്‍ഹി മാനേജര്‍ ഹര്‍പ്രീതിനെ കൊലപ്പെടുത്തിയ കേസില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കൊലപാതകം നടത്തിയത് നഗരത്തെ കഴിഞ്ഞ കുറച്ച നാളുകളായി ഭീതിയിലാഴ്ത്തിയ മായാ ഗ്യാംഗിന്റെ തലവനാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മുഹമ്മദ് സമീര്‍ അഥവാ മായ എന്നറിപ്പെടുന്ന 18കാരനാണ് ഗ്യാംഗിന്റെ തലവന്‍. ഇയാള്‍ക്കെതിരെ നിലവില്‍ നാല് വധക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മായ എന്ന മുഹമ്മദ് സമീറിനേയും പതിനെട്ടുകാരനായ കൂട്ടാളി ബിലാല്‍ ഗാനിയേയുമാണ് ഭജന്‍പുരില്‍ നടന്ന കൊലപാതകത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ചൊവ്വാഴ്ച വൈകുന്നേരം പത്തരയോടെ ഹര്‍പ്രീതും ബന്ധു ഗോവിന്ദും ഇടുങ്ങിയ വഴിയിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. മായയും ഇയാളുടെ പ്രധാനിയായ ബിലാല്‍ ഗാനിയും കൂട്ടാളികളായ സൊഹൈല്‍ (23), മുഹമ്മദ് ജുനൈദ് (23), അദ്‌നാന്‍ (19) എന്നിവരും രണ്ടു സ്‌കൂട്ടറുകളിലായി പാര്‍ട്ടിക്കുശേഷം തിരികെ വരുന്ന വഴി ഇതേ ഇടുങ്ങിയ വഴിയില്‍ നേര്‍ക്കുനേര്‍ എത്തി. പിന്നോട്ടുപോകാന്‍ ആരും തയാറാകാത്തതിനെത്തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പിന്നാലെ മായ ഹര്‍പ്രീതിനെയും ഗോവിന്ദിനെയും വെടിവച്ചു വീഴ്ത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. പരിക്കേറ്റ ഗോവിന്ദ് ഇപ്പോളും ചികിത്സയിലാണ്.
ഡല്‍ഹിയില്‍ അടുത്ത കാലത്തായി കേട്ട് തുടങ്ങിയ ക്രമിനല്‍ സംഘമാണ് മായാ ഗ്യാംഗ്. നാല് കൊലപാതകങ്ങള്‍, സംഘത്തില്‍ ഒരു ഡസനോളം അംഗങ്ങള്‍, തോക്കുമേന്തിയുള്ള റീലുകളും സിനിമാ ഡയലോഗുകളും നിറഞ്ഞ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്, ഇങ്ങനെ പോകുന്നു സംഘത്തെ പറ്റിയുള്ള വിവരങ്ങള്‍. ഇന്‍സ്റ്റഗ്രാമില്‍ 2000-ല്‍ അധികം ഫോളോവേഴ്സുള്ള ഈ പതിനെട്ടുകാരന്റെ ബയോ ഏവരേയും ഞെട്ടിക്കുന്നതാണ്. ‘ഞാനൊരു കുപ്രസിദ്ധനാണ്, ഖബറിടമാണ് മേല്‍വിലാസം, ജീവിക്കാനുള്ള പ്രായമാണ് എന്റേതെങ്കിലും ഞാന്‍ മരണമാഗ്രഹിക്കുന്നു’, എന്നിങ്ങനെയാണ് കുറിച്ചിരിക്കുന്നത്.
മുടിയും നീട്ടി വളര്‍ത്തി, തിളക്കമാര്‍ന്ന വസ്ത്രങ്ങളും അണിഞ്ഞ നിരവധി ചിത്രങ്ങളാണ് ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലുള്ളത്. എന്നാല്‍ പേജില്‍ നിറയുന്നത് തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങളും മദ്യക്കുപ്പികളുമാണ്. ജയില്‍ എന്ന് പേരിട്ടിരിക്കുന്ന ഒരു റീലില്‍ നിരവധി യുവാക്കള്‍ അഴികള്‍ക്കുള്ളില്‍ കിടക്കുന്നതാണ് ഉള്‍പ്പെടുത്തിയിയിരിക്കുന്നത്. മറ്റൊന്നില്‍ മായയും തോക്കുകള്‍ പിടിച്ച് പോസ് ചെയ്തിട്ടുണ്ട്. ‘മായ ഗ്യാംഗ്’ എന്ന പേര് ഇട്ടിരിക്കുന്ന റീലില്‍ നിരവധി കൗമാരക്കാരെയും കാണിക്കുന്നു. പേരിനും പ്രശസ്തിക്കും വേണ്ടി കൗമാരക്കാര്‍ കാണിക്കുന്ന വെറും ഷോ ഓഫ് വിഡിയോ അല്ലെന്നും വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭീതിയിലാഴ്ത്തുന്ന കൊടും കുറ്റവാളി സംഘമാണിതെന്നും പൊലീസ് പറയുന്നു. മായാ ഗ്യാംഗ് എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. അടുത്തിടെയാണ് മായയ്ക്ക് 18 തികഞ്ഞത്. ജുവനൈല്‍ ആയിരിക്കുമ്പോള്‍ത്തന്നെ ഇയാള്‍ നാലു കേസുകളില്‍ പ്രതിയായിട്ടുണ്ട്. ഗാനിക്ക് ഈ ഞായറാഴ്ചയാണ് 18 തികഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒരു കൊലക്കേസും മോഷണവും ഇയാളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post