ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. തിരുനെൽവേലി സ്വദേശി ജഗൻ പാണ്ഡ്യൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. വീടിന് മുൻപിൽ നിൽക്കുകയായിരുന്നു ജഗൻ. ഈ സമയം ബൈക്കുകളിലായി അക്രമി സംഘം ഇവിടേയ്ക്ക് എത്തുകയായിരുന്നു. ജഗൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമികൾ വളഞ്ഞു. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ബഹളംകേട്ട് അയൽക്കാരും വീട്ടുകാരും ഓടിയെത്തി. അപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്ന പാണ്ഡ്യനെ ആയിരുന്നു കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
രാഷ്ട്രീയ കൊലപാതകം ആണെന്നാണ് സൂചന. തിരുനെൽവേലിയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് അദ്ദേഹം. അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജഗന്റെ പ്രവർത്തനങ്ങളാൽ ബിജെപിയ്ക്ക് വൻ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചു. ഇതിന് പിന്നാലെ നിരവധി തവണ വധ ശ്രമം ഉണ്ടായി എന്നാണ് പോലീസ് പറയുന്നത്. ജഗന്റെ ജീവന് ഭീഷണിയുണ്ടെന്ന വിവരം ലഭിച്ചിരുന്നു എന്നും, ഇക്കാര്യം ജഗനെ അറിയിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ജഗന്റെ കുടുംബവും ബിജെപിയും രംഗത്ത് എത്തി.
Discussion about this post