മുംബൈ: താജ് ഹോട്ടലിൽ ബോംബ് ഭീഷണി. ഫോൺ സന്ദേശം ലഭിച്ചതിന് പിന്നാലെ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. രാത്രിയോടെയായിരുന്നു മുംബൈ പോലീസിന്റെ കൺട്രോൾ റൂമിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്.
രണ്ട് പാക് ഭീകരർ ഹോട്ടലിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ടെന്നും, ഇവർ സ്‌ഫോടനം നടത്തുമെന്നുമായിരുന്നു ഭീഷണി സന്ദേശം. സമുദ്ര മാർഗ്ഗത്തിലൂടെയാണ് ഇവർ രാജ്യത്തേക്ക് പ്രവേശിച്ചതെന്നും ഇയാൾ പറഞ്ഞിരുന്നു. മുകേഷ് സിംഗ് എന്ന പേരിലാണ് ഇയാൾ പരിചയപ്പെടുത്തിയത്.
സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ഹോട്ടലിലെ താമസക്കാരെയും ജീവനക്കാരെയും ചോദ്യം ചെയ്തു. പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭീഷണി സന്ദേശം ലഭിച്ചത് ഉത്തർപ്രദേശിൽ നിന്നാണെന്ന് കണ്ടെത്തി. ഗോണ്ട സ്വദേശി ജഗദംബ പ്രസാദ് ആണ് വിളിച്ചത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും.
Discussion about this post