മരണത്തിന് ശേഷം എന്ത് എന്നുള്ളത് ഇതുവരെയും ശാസ്ത്രത്തിന് പിടിതരാത്ത പ്രപഞ്ച രഹസ്യമാണ്. മനുഷ്യനുണ്ടായ കാലം മുതല്‍ക്ക് തന്നെ ഇതിനുള്ള ഉത്തരം തേടിയുള്ള അവന്റെ അന്വേഷണവും ആരംഭിച്ചു. ആ അന്വേഷണം ഇപ്പോഴും തുടരുന്നു. മരണത്തെ മുഖാമുഖം കണ്ടവരുടെ അനുഭവമാണ് ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്നവരുടെ പ്രധാന കച്ചിത്തുരുമ്പ്. ‘നിയര്‍ ഡെത്ത് എക്‌സ്പീരിയന്‍സ്’ (NDE)എന്നു വിളിക്കുന്ന ഈ അനുഭവത്തിലൂടെ കടന്നുപോയവര്‍ മരണത്തില്‍ നിന്നും കുതറിമാറി ജീവിതം തിരിച്ചുപിടിച്ചവരാണ്. ഇവര്‍ തങ്ങള്‍ കടന്നുപോയ നിമിഷങ്ങള്‍ ഗവേഷകരുമായി പങ്കുവെക്കാറുണ്ടെങ്കിലും ഇത് സത്യമാണെന്ന് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടില്ല.
മരണത്തിന് ശേഷവും ജീവിതമുണ്ടെന്നതില്‍ ഒരു സംശയവുമില്ലെന്നാണ് അയ്യായിരത്തോളം നിയര്‍ ഡെത്ത് എക്‌സ്പീരിയന്‍സുകള്‍ പഠനവിധേയമാക്കിയ അമേരിക്കക്കാരനായ ഒരു ഡോക്ടര്‍ പറയുന്നത്. കെന്റുക്കിയില്‍ റേഡിയേഷന്‍ ഓങ്കോളജിസ്റ്റായ ഡോ.ജെഫറി ലോംഗ് ദീര്‍ഘകാലമായി NDE-കളെ കുറിച്ച് ഗവേഷണം നടത്തുന്ന വ്യക്തിയാണ്. ഈ വിഷയത്തിലുള്ള അതിയായ താല്‍പ്പര്യം മൂലം 1998-ല്‍ നിയര്‍ ഡെത്ത് എക്‌സ്പീരിയന്‍സ് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന ഗവേഷണ സംരംഭവും അദ്ദേഹം ആരംഭിച്ചിരുന്നു. കഴിഞ്ഞിടെ തന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ NDE-യെ കുറിച്ച് ഒരു ഉപന്ന്യാസം അദ്ദേഹം ഇന്‍സൈഡറില്‍ പ്രസിദ്ധീകരിച്ചു. കോമ സ്‌റ്റേജിലോ അല്ലെങ്കില്‍ ക്ലിനിക്കലി മരിച്ച അവസ്ഥയിലോ ഉള്ള, ഹൃദയമിടിപ്പ് ഇല്ലാത്ത ഒരാളാണ് നിയര്‍ ഡെത്ത് എക്‌സ്പീരിയന്‍സിലൂടെ കടന്നുപോകുന്നതെന്നാണ് ഉപന്ന്യാസത്തില്‍ അദ്ദേഹം പറയുന്നത്. ഇവര്‍ക്ക് അവര്‍ കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ കുറിച്ചും വികാരങ്ങളെ കുറിച്ചും മറ്റുള്ളവരുമായുള്ള ഇടപെടലുകളെ കുറിച്ചും അവ്യക്തമായ ഒരു അനുഭവം ഉണ്ടാകുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയവരുടെ കഥകള്‍ കേള്‍ക്കുകയും അവയെ ശാസ്ത്രീയമായി വിലയിരുത്തുകയുമാണ് ഡോക്ടര്‍ ചെയ്യുന്നത്.
‘മരണാനന്തര ജീവിതം സത്യം’
മരണാനന്തര ജീവിതം ഉണ്ടെന്നതില്‍ താന്‍ ഉറച്ച് വിശ്വസിക്കുന്നതായി ഡോ.ജെഫറി പറയുന്നു. ഇതിന് തന്റെ പക്കല്‍ നിരവധി തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ഓരോ NDE-കളും വ്യത്യസ്തമാണെങ്കിലും ഇവയ്ക്ക് സ്ഥായിയായ ചില വിന്യാസങ്ങളുണ്ട്. ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയ 45 ശതമാനം ആളുകളും ശരീരത്തിന് പുറത്തുകടന്ന അനുഭവം പങ്കുവെച്ചതായി ഡോക്ടര്‍ പറയുന്നു. അവരുടെ ബോധം, ഭൗതികശരീരത്തില്‍ നിന്നും വേര്‍പെട്ട് ശരീരത്തിന് മുകളിലായി പൊങ്ങിക്കിടക്കുന്ന അനുഭവമാണിത്. ഈ അവസ്ഥയില്‍ ചുറ്റുമുള്ള കാര്യങ്ങള്‍ കാണാനും കേള്‍ക്കാനും സാധിച്ചതായാണ് ഇത്തരം അനുഭവമുള്ളവര്‍ അവകാശപ്പെടുന്നത്.
പ്രിയപ്പെട്ടവരുമായുള്ള പുനഃസമാഗമം
ശരീരത്തില്‍ നിന്നും ബോധം വേര്‍പ്പെട്ട അനുഭവത്തിന് ശേഷം മറ്റൊരു ലോകത്തേക്ക് പ്രവേശിച്ചതായി പലരും പറഞ്ഞിട്ടുള്ളതായി ഡോക്ടര്‍ പറയുന്നു. ഒരു ഇടനാഴിയിലൂടെ കടന്ന് തീവ്രപ്രകാശത്തിലേക്ക് എത്തിയതായും അവിടെ മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടതായും ആളുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതിരില്ലാത്ത സ്‌നേഹവും സമാധാനവുമാണ് ആ അവസ്ഥയെന്ന് പലരുടെയും അനുഭവസാക്ഷ്യത്തിന്റെ വെളിച്ചത്തില്‍ ഡോക്ടര്‍ പറയുന്നു.
തന്റെ വാദങ്ങളെ ന്യായീകരിക്കുന്ന ചില ഉദാഹരണങ്ങളും ഡോക്ടര്‍ ഉപന്ന്യാസത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഒരിക്കല്‍ കുതിരപ്പന്തയത്തില്‍ പങ്കെടുക്കുകയായിരുന്ന ഒരു സ്ത്രീക്ക് ഇടയ്ക്ക് വെച്ച് ബോധം നഷ്ടമായി. അവരുടെ ശരീരം ട്രാക്കില്‍ കിടന്നു. പക്ഷേ ബോധം കുതിരയ്‌ക്കൊപ്പം സഞ്ചരിച്ചു. കുതിര തിരിച്ച് തന്റെ കളപ്പുരയില്‍ എത്തിയതിന് ശേഷമുള്ള എല്ലാ സംഭവങ്ങളും പിന്നീട് ബോധം വന്നപ്പോള്‍ ആ സ്ത്രീ വിശദീകരിച്ചു. എന്നാല്‍ അവരുടെ ഭൗതികശരീരം മറ്റൊരിടത്തായിരുന്നു. ഇവരുമായി നേരിട്ട് സംസാരിച്ചിട്ടില്ലാത്ത, സംഭവം നടക്കുമ്പോള്‍ കളപ്പുരയില്‍ ഉണ്ടായിരുന്നവര്‍ ആ സ്ത്രീ പറഞ്ഞതെല്ലാം സത്യമാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തതായി ഡോക്ടര്‍ പറയുന്നു. എന്നാല്‍ ഈ അനുഭവങ്ങള്‍ക്കൊന്നും ശാസ്ത്രീമായ വിശദീകരണങ്ങള്‍ തന്റെ പക്കല്‍ ഇല്ലെന്ന് ഡോക്ടര്‍ സമ്മതക്കുന്നുണ്ട്.
NDE ശാസ്ത്രീയമായി വിശദീകരിക്കുന്നതിന് എല്ലാ രീതിയിലുമുള്ള ശ്രമങ്ങളും താന്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും ഫലവത്തായില്ലെന്നും ഡോക്ടര്‍ പറയുന്നു. സമാന ഗവേഷണങ്ങള്‍ നടത്തുന്ന മറ്റുള്ള ഡോക്ടര്‍മാരും ഇതുപോലുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡോ.ജെഫറിയുടെ വാദങ്ങളെ പിന്താങ്ങുന്നുണ്ട്.
Discussion about this post