ന്യൂഡൽഹി: സിംഗപ്പൂർ പ്രസിഡന്റായി ഇന്ത്യൻ വംശജനും മുൻ സിംഗപ്പൂർ ഉപപ്രധാനമന്ത്രിയുമായിരുന്ന തർമൻ ഷണ്മുഖരത്നം തിരഞ്ഞെടുക്കപ്പെട്ടു. 70.4 ശതമാനം വോട്ട് നേടിയാണ് ഷണ്മുഖരത്നം സിംഗപ്പൂർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനാണ് 66 വയസുകാരനായ അദ്ദേഹം.
2017 മുതൽ അധികാരത്തിലുണ്ടായിരുന്ന ഹലിമ യാക്കൂബ് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ഷണ്മുഖരത്നം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സിംഗപ്പൂർ ജനതയ്ക്ക് വേണ്ടി ഇത്രയും വലിയ ഒരു പദവി വഹിക്കാൻ ഭാഗ്യം ലഭിച്ചത് അഭിമാനമാണെന്ന് തിരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിക്കപ്പെട്ട ഷണ്മുഖരത്നം പറഞ്ഞു. ശുഭാപ്തിവിശ്വാസത്തോടെ രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് വേണ്ടി പ്രയത്നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പീപ്പിൾസ് ആക്ഷൻ പാർട്ടി നേതാവായിരുന്ന തർമൻ ഷണ്മുഖരത്നം പാർട്ടിയിൽ നിന്നും രാജി വെച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് രാഷ്ട്രീയ പാർട്ടി അംഗത്വം പാടില്ലെന്നാണ് സിംഗപ്പൂരിലെ നിയമം. 1959 മുതൽ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ ഇരുന്ന പാർട്ടിയാണ് പി എ പി. ഉപപ്രധാനമന്ത്രി ആകുന്നതിന് മുൻപ് സിംഗപ്പൂരിന്റെ ധനകാര്യ മന്ത്രിയായും ഷണ്മുഖരത്നം പ്രവർത്തിച്ചിട്ടുണ്ട്.
Discussion about this post