കോഴിക്കോട്: സിനിമയഞ്ഞ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അതിജീവതയുടെ സുഹൃത്തായ യുവതി അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിയായ അഫ്‌സീന (29)യെയാണ് കോഴിക്കോട് ടൗൺ പോലീസ് അസിസ്റ്റന്റ് കമ്മിഷണർ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കണ്ണൂരിൽ ജോലിചെയ്തിരുന്ന കോട്ടയം സ്വദേശിയാണ് പീഡനത്തിനിരയായത്. 2023 മാർച്ച് മാസം ആദ്യം സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലുളള ഫ്‌ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്.
കോട്ടയം സ്വദേശിനിയുമായി സൗഹൃദം സ്ഥാപിച്ച അഫ്‌സീന സുഹൃത്തായ ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്‌ലാറ്റിലെത്തിച്ചു നൽകി. തുടർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യാൻ സഹായിക്കുകയും ചെയ്തു. ഇതിന് ശേഷം യുവതിയെ പീഡിപ്പിച്ചവരിൽ നിന്നും പണം തട്ടാനും ശ്രമം നടന്നു. പോലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ മറ്റ് പ്രതികൾ, അതിൽ വഴങ്ങാതായതോടെ അഫ്‌സീനയും ഷമീറും ചേർന്ന് പരാതിക്കാരിയെ കൂട്ടി നടക്കാവ് പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിൽ അഫ്‌സീനയുടെയും ഷമീറിന്റെയും പങ്ക് വ്യക്തമായത്.
കേസുമായി ബന്ധപ്പെട്ട് പ്രതികളായ മലപ്പുറം സ്വദേശികളായ അബൂബക്കർ, സെയ്തലവി എന്നിവരെ അന്വേഷണ സംഘം നേരത്തെ കർണ്ണാടകയിലെ കുടകിലുള്ള ഒരു റിസോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.












