ന്യൂഡൽഹി: 538 കോടി രൂപയുടെ കാനറ ബാങ്ക് തട്ടിപ്പ് കേസിൽ ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. എട്ട് മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് ഇഡി ഗോയലിനെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് അറസ്റ്റ്.
കഴിഞ്ഞ ജൂലൈയിൽ കള്ളപ്പണം വെളുപ്പിക്കലിന് നരേഷ് ഗോയലിനെതിരെ ഇഡി പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെ തുടർന്ന് മുംബൈയിൽ അടക്കം ഏഴിടങ്ങളിൽ റെയ്ഡുകൾ നടന്നിരുന്നു. . നിലവിൽ ഗോയലിനെതിരെ സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്.
കാനറാ ബാങ്കിന് ധനനഷ്ടം വരുന്ന തരത്തിൽ ജെറ്റ് എയർവേയ്സും അതിന്റെ അധികൃതരും പ്രവർത്തിച്ചതായി സിബിഐ കണ്ടെത്തിയിരുന്നു. ഫണ്ട് വകമാറ്റി മറ്റ് കമ്പനികളിലേക്ക് ചിലവഴിക്കുകയും വായ്പാ കരാറുകൾ ലംഘിക്കുകയും ചെയ്തതായി ജെറ്റ് എയർവേയ്സിനെതിരെ ബാങ്ക് നൽകിയ പരാതിയിലാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നത്.
കാൽനൂറ്റാണ്ടിന്റെ സേവനത്തിന് ശേഷം 2019 ഏപ്രിൽ മാസത്തിലാണ് ജെറ്റ് എയർവേയ്സ് പ്രവർത്തനം അവസാനിപ്പിച്ചത്. പ്രവർത്തനം തുടരാനാകാത്ത വിധം സാമ്പത്തിക പ്രതിസന്ധി നേരിടുകയും വലിയ തോതിൽ നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതോടെ കമ്പനി പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു.
Discussion about this post