ന്യൂഡൽഹി: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം കുറിക്കാൻ ഭാരതം. ആദ്യ സൗരപര്യവേഷണ ദൗത്യമായ ആദിത്യ എൽ 1 ഇന്ന് വിക്ഷേപിക്കും. ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആദിത്യ എൽ 1 ന്റെ വിക്ഷേപണം.
രാവിലെ 11.50 നാണ് വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും പിഎസ്എൽവി സി 57 റോക്കറ്റിലാണ് ആദിത്യ എൽ 1 വിക്ഷേപിക്കുക. ഇതിനായുള്ള കൗണ്ട് ഡൗൺ ഇന്നലെ ഉച്ചയ്ക്ക് 12.10 മുതൽ ആരംഭിച്ചിരുന്നു. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് ആദിത്യ എൽ വൺ വിക്ഷേപിക്കുക.
ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. ഇതിന്റെ ഓർബിറ്ററിൽ പേടകത്തെ സ്ഥാപിക്കും. ഇവിടെ നിന്നുകൊണ്ടാകും ആദിത്യ എൽ 1 വിവരങ്ങൾ ശേഖരിക്കുക. സൂര്യന്റെ കൊറോണ, കാന്തിക മണ്ഡലം എന്നിവയെക്കുറിച്ചും, സൂര്യ സ്‌ഫോടനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.
365 ദിവസം കൊണ്ടാകും ആദിത്യ എൽ വൺ സൂര്യനെ ചുറ്റിവരുക. ഏഴ് പേ ലോഡുകൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിൽ നാലെണ്ണം റിമോട്ട് സെൻസിംഗ് ഉപകരണങ്ങളാണ്. സൂര്യന്റെ കൊറോണയെ പഠിക്കാനുള്ള വിസിബിൾ എമിഷൻ ലൈൻ കൊറോണോഗ്രാഫാണ് ഇതിൽ ഒന്നാമത്തേത്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സാണ് ഈ ഉപകരണം നിർമ്മിച്ചത്.
Discussion about this post