ന്യൂഡൽഹി: രാജ്യത്തിന്റെ ആദ്യ സൗരദൗത്യം ആദിത്യ എൽ 1ന്റെ വിക്ഷേപണം വിജയകരമായതിന് പിന്നാലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രപഞ്ചത്തെ അറിയുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരാൻ ശാസ്ത്രജ്ഞർക്ക് തുടർന്നും സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ആദിത്യ എൽ 1 ന്റെ വിക്ഷേപണത്തിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചാന്ദ്രയാൻ മന്നിന്റെ വിജയ ശേഷവും ഇന്ത്യയുടെ ബഹിരാകാശ യാത്രകൾ തുടരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൗരദൗത്യമായ ആദിത്യ എൽ 1 ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ. മാനവരാശിയുടെ പുരോഗതിയ്ക്കായി പ്രപഞ്ചത്തെ വിശദമായി മനസ്സിലാക്കുന്നതിനായുള്ള ശാസ്ത്ര ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ 11.50 ഓട് കൂടിയായിരുന്നു ആദിത്യ എൽ 1 വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നുമായിരുന്നു വിക്ഷേപണം. രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. പിഎസ്എൽവി സി 57 റോക്കറ്റിലായിരുന്നു ആദിത്യ എൽ വൺ വിക്ഷേപിച്ചത്. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയച്ചിട്ടുള്ളത്. ഇതിന്റെ ഓർബിറ്ററിൽ പേടകത്തെ സ്ഥാപിക്കും. ഇതിന് ശേഷം ആദിത്യ എൽ വൺ സൂര്യനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ആരംഭിക്കും.
Discussion about this post