തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴിക്ക് പിന്നാലെ കാലവർഷക്കാറ്റും ശക്തമാകുന്നതോടെ സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
നാലെ ആലപ്പുഴയിൽ ഓറഞ്ച് അലർട്ടാണ്. ന്യൂനമർദ്ദത്തിന്റെ സഞ്ചാര പാതക്ക് അനുസൃതമായി വടക്കൻ ജില്ലകളിലേക്കും മഴ വ്യാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ മലയോര മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. രാത്രി സഞ്ചാരം ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
കാലവർഷക്കാറ്റ് ശക്തമായതിനെ തുടർന്ന് തിരുവനന്തപുരം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്നലെ പുലർച്ചെ ആരംഭിച്ച മഴ ഉച്ചവരെ നീണ്ടു. മലയോര മേഖലയിൽ ശക്തമായ മഴയാണ് പെയ്തത്. തിരുവനന്തപുരം, പത്തനംതിട്ട വനമേഖലയിൽ മലവെള്ളപ്പാച്ചിലുണ്ടായി.
Discussion about this post