ന്യൂഡൽഹി: ഹൈദരാബാദിൽ ശ്വാസകോശങ്ങളെ ബാധിക്കുന്ന അജ്ഞാത വൈറസ് രോഗം പടരുന്നു. പന്നിപ്പനി, ഇൻഫ്ലുവൻസ, അഡിനോ വൈറസ് ബാധ എന്നിവയ്ക്ക് സമാനമായ ലക്ഷണങ്ങളോട് കൂടിയ രോഗമാണ് പടരുന്നത്. എന്നാൽ പരിശോധനകളിൽ മേൽ പറഞ്ഞ രോഗ സാദ്ധ്യതകളെല്ലാം നെഗറ്റീവാണ്.
കഴിഞ്ഞ രണ്ട് മാസക്കാലത്തോളമായി രോഗ വ്യാപനം തുടരുകയാണ്. 7 ശതമാനമാണ് വ്യാപന തോത്. രോഗം ബാധിച്ചവരിൽ 50 ശതമാനവും കുട്ടികളാണ്. ശ്വാസകോശ രോഗങ്ങൾ ഉള്ളവർ, കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ടിബി ബാധിതർ, ആസ്ത്മ രോഗികൾ എന്നിവരിലും രോഗം കാര്യമായി വ്യാപിക്കുന്നുണ്ട്.
കടുത്ത പനി, മൂക്കൊലിപ്പ്, തൊണ്ട വേദന, ചുമ, ശരീര വേദന, ശ്വാസ തടസം, അമിത ദാഹം, കണ്ണ് വേദന, തലവേദന, ക്ഷീണവും തളർച്ചയും, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. മൂക്കൊലിപ്പോടെ ആരംഭിക്കുന്ന രോഗം, നാലഞ്ച് ദിവസങ്ങൾക്കുള്ളിൽ ഭേദമാകുന്നു. രോഗമുക്തി നിരക്ക് ഏകദേശം നൂറ് ശതമാനത്തിനടുത്താണ് എന്നത് ആശ്വാസകരമാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
എന്നാൽ രണ്ട് വയസിന് താഴെയുള്ള കുട്ടികളിലും 65 വയസിന് മുകളിലുള്ളവരിലും രോഗം ഗുരുതരമാകാനുള്ള സാദ്ധ്യതയുണ്ട്. അർബുദ ചികിത്സയ്ക്ക് വിധേയരാകുന്നവർ, ദീർഘകാലമായി സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നവർ, അവയവമാറ്റ ശസ്ത്രക്രിയകൾക്ക് വിധേയരായവർ, എച്ച് ഐ വി/ എയ്ഡ്സ് ബാധിതർ എന്നിവരിലും രോഗം അപകടം വരുത്തി വച്ചേക്കാം. ഗർഭിണികൾ, പൊണ്ണത്തടി ഉള്ളവർ എന്നിവരിലും അപകട സാദ്ധ്യത കൂടുതലാണ് എന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post