ലക്നൗ : ഇന്ത്യയുടെ പെർഫ്യൂം തലസ്ഥാനമെന്ന് അറിയപ്പെടുന്ന നഗരമാണ് ഉത്തർപ്രദേശിലെ കനൗജ്. പരമ്പരാഗതമായി വാറ്റിയെടുക്കുന്ന അത്തറിനും പനിനീരിനും കനൗജ്. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന് ഇപ്പോൾ ഒരു പുതിയ നേട്ടം കൂടി സ്വന്തമായിരിക്കുകയാണ്. അപൂർവമായ താമരപ്പൂവിന്റെ ഗന്ധമുള്ള പെർഫ്യൂം തയ്യാറാക്കിയിരിക്കുകയാണ് കനൗജിലെ സുഗന്ധദ്രവ്യ നിർമ്മാതാക്കൾ.

താമരപ്പൂവിന്റെ ഇതളുകൾ, വേരുകൾ, വിത്തുകൾ എന്നിവയിൽ നിന്ന് എണ്ണ വേർതിരിച്ചെടുത്താണ് ഈ പുതിയ പെർഫ്യൂം തയ്യാറാക്കിയത്. ലോകത്ത് ആദ്യമായിട്ടാണ് ഇത്തരത്തിൽ താമരപ്പൂവിന്റെ പെർഫ്യൂം തയ്യാറാക്കിയതെന്ന് ഫ്രാഗ്രൻസ് ആൻഡ് ഫ്രാഗ്രൻസ് സെന്റർ വ്യക്തമാക്കി. ‘ഫ്രോട്ടസ്’ എന്നാണ് താമരപ്പൂവിൽ നിന്നും തയ്യാറാക്കിയിരിക്കുന്ന ഈ സുഗന്ധദ്രവ്യത്തിന് പേര് നൽകിയിരിക്കുന്നത്. FFDC ശാസ്ത്രജ്ഞരായ സർവേശ് കുമാറിന്റെയും ശിവം ശുക്ലയുടെയും നേതൃത്വത്തിൽ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ താമരയുടെ സുഗന്ധദ്രവ്യത്തെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നു. ലോട്ടസ് പ്രോജക്ടിന് കീഴിൽ 3 മാസം കൊണ്ട് തയ്യാറാക്കിയ ഈ പെർഫ്യൂം ദീർഘകാലം സുഗന്ധമായി നിലനിർത്താൻ ലാവെൻഡർ, ദേവദാരു, റോസ്, നാരങ്ങ എന്നിവയുടെ സത്തും ഉപയോഗിച്ചിട്ടുണ്ട്. നിലവിൽ 2000 രൂപ വിലയുള്ള 100 മില്ലി കുപ്പികളായാണ് ഫ്രോട്ടസ് പുറത്തിറക്കുന്നത്.

സർക്കാർ സംരക്ഷിത സുഗന്ധദ്രവ്യ നിർമ്മാണ സ്ഥാപനമായ പരമ്പരാഗത കനൗജ് പെർഫ്യൂം അടക്കം 200ലേറെ പെർഫ്യൂം ഡിസ്റ്റിലറികളാണ് കനൗജ് നഗരത്തിലുള്ളത്. സുഗന്ധതൈലങ്ങൾ, അത്തറുകൾ, സോപ്പ് ഷാംപൂ എന്നിവ നിർമ്മിക്കാൻ ആവശ്യമായ സുഗന്ധ എണ്ണകൾ എന്നിവയെല്ലാം നിർമ്മിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ധാരാളം കുടുംബങ്ങളെ കനൗജിൽ കാണാൻ കഴിയും. തലമുറകളായി കൈമാറിവരുന്ന പരമ്പരാഗത രീതികൾ ആണ് ഇവിടുത്തെ ജനങ്ങൾ സുഗന്ധദ്രവ്യ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ഈ ആധുനിക കാലത്തും പരമ്പരാഗത രീതിയായ ഹൈഡ്രോ ഡിസ്റ്റിലേഷൻ പ്രക്രിയ വഴിയാണ് ഈ പെർഫ്യൂമുകൾ ഉണ്ടാക്കുന്നത് എന്നുള്ളതാണ് കനൗജ് നഗരത്തിന്റെ പ്രത്യേകത.

പെർഫ്യൂമുകളിൽ പുഷ്പങ്ങളുടെ ഏറ്റവും മികച്ച സുഗന്ധം നിലനിർത്താനായി കനൗജിൽ പുലർച്ചെ തന്നെ പൂക്കൾ പറിച്ചെടുക്കുന്നു. പ്രത്യേക ചേമ്പ് പാത്രത്തിൽ പൂക്കളം സുഗന്ധ എണ്ണയും കലർത്തിയ മിശ്രിതം വായു കടക്കാത്ത രീതിയിൽ മൂടിയശേഷം പാത്രത്തിനു മുകളിൽ കളിമണ്ണ് ഉപയോഗിച്ച് ഒട്ടിച്ച ശേഷം തിളപ്പിച്ചെടുത്താണ് സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കുന്നത്. സുഗന്ധദ്രവ്യങ്ങൾ തയ്യാറാക്കുമ്പോൾ ചൂട് കൃത്യമായിരിക്കേണ്ടതും കൂളിംഗ് ടാങ്കിലെ കൃത്യമായ തണുപ്പ് നിലനിർത്തേണ്ടതും വളരെ ആവശ്യമാണ്. വർഷങ്ങളുടെ അനുഭവ സമ്പത്ത് കൊണ്ടുമാത്രമാണ് കനൗജ് നഗരത്തിലെ സുഗന്ധദ്രവ്യ നിർമ്മാതാക്കൾക്ക് ഈ പ്രക്രിയ വഴി ഇപ്പോഴും പെർഫ്യൂമുകൾ ഉണ്ടാക്കാൻ കഴിയുന്നത്.










