കീവ്: റഷ്യയുമായുളള യുദ്ധം തുടരുന്ന യുക്രെയ്‌നിൽ പ്രതിരോധ മന്ത്രിയെ മാറ്റി വ്‌ലോഡിമർ സെലൻസ്‌കിയുടെ പരീക്ഷണം. ഒലെക്‌സി റെസ്നിക്കോവിനെയാണ് പ്രസിഡന്റ് വ്‌ലോഡിമർ സെലെൻസ്‌കി പ്രതിരോധമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയത്. റഷ്യ ഉക്രൈൻ യുദ്ധം 18 മാസങ്ങൾ പിന്നിടുമ്പോഴാണ് സെലൻസ്‌കിയുടെ അപ്രതീക്ഷിത നീക്കം. ഒരു മാറ്റം ആവശ്യമാണെന്ന് ആയിരുന്നു ഇതേക്കുറിച്ച് സെലൻസ്‌കിയുടെ പ്രതികരണം.
പുതിയ പ്രതിരോധ മന്ത്രിയായി റസ്റ്റെം ഉമറോവിനെ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്. തന്റെ ഔദ്യോഗിക ടെലിഗ്രാം അക്കൗണ്ടിലൂടെയാണ് മാറ്റങ്ങൾ സെലൻസ്‌കി ലോകത്തെ അറിയിച്ചത്.
‘യുക്രെയ്‌നിന്റെ പ്രതിരോധ മന്ത്രിയെ ഞാൻ മാറ്റാൻ തീരുമാനിച്ചു. ഒലെക്സി റെസ്നിക്കോവ് 550 ദിവസത്തിലധികം നീണ്ടുനിന്ന യുദ്ധത്തിലൂടെ കടന്നുപോയി. പുതിയ പ്രതിരോധ മന്ത്രിയെ തിരഞ്ഞെടുക്കേണ്ടത് രാജ്യത്തിന് ആവശ്യമാണ് . അതിനാൽ മുൻ പീപ്പിൾസ് ഡെപ്യൂട്ടി റസ്റ്റെം ഉമറോവിനെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു. ഉമറോവിന് ആമുഖങ്ങളുടെ ആവശ്യമില്ല. പാർലമെന്റ് ഈ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ‘ സെലൻസ്‌കി അറിയിച്ചു.
ഒഡേസ മേഖലയിലെ പ്രധാന കയറ്റുമതി തുറമുഖം ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ ഡ്രോൺ ആക്രമണം. മൂന്നര മണിക്കൂറോളം ആക്രമണം നീണ്ടു നിന്നു. കയറ്റുമതിക്കായി ധാന്യങ്ങൾ സൂക്ഷിച്ചിരുന്ന സംഭരണ ശാലകൾ ഉൾപ്പെടെ ആക്രമണത്തിൽ തകർന്നിട്ടുണ്ട്. ഇറാനിയൻ ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ഇരുപത്തിയഞ്ച് ഡ്രോണുകളിലധികം പ്രയോഗിച്ചതായും യുക്രെയ്ൻ പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. 17 എണ്ണത്തോളം വ്യോമ പ്രതിരോധ സംവിധാനം വഴി തകർത്തതായും സൈന്യം അവകാശപ്പെട്ടു. ഞായറാഴ്ചയും തിങ്കളാഴ്ചയും ആക്രമണം നടന്നതായിട്ടാണ് റിപ്പോർട്ടുകൾ.
2022 ഫെബ്രുവരി 24 നാണ് റഷ്യ- യുക്രെയ്ൻ യുദ്ധം ആരംഭിച്ചത്. യുദ്ധത്തിന്റെ തുടക്കം മുതൽ റെസ്നികോവ് ആണ് പ്രതിരോധ മന്ത്രാലയത്തെ നയിച്ചത്.











