തിരുപ്പൂർ: തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ബിജെപി നേതാവും സഹോദരനും അമ്മയും ബന്ധുവും കൊല്ലപ്പെട്ട നിലയിൽ. തിരുപ്പൂരിലെ പല്ലാടം എന്ന സ്ഥലത്താണ് ദാരുണമായ കൂട്ടക്കൊലപാതകം നടന്നത്. ബിജെപി പ്രാദേശിക നേതാവായ മോഹൻ രാജ്, അമ്മ പുഷ്പവതി, മരുമകൻ സെന്തിൽ കുമാർ, ചിറ്റമ്മ രത്‌നാംബാൾ എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം.
സെന്തിൽ കുമാറിന്റെ പറമ്പിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണമെന്ന് പറയപ്പെടുന്നു. മദ്യലഹരിയിൽ ആയിരുന്ന സംഘം സെന്തിൽ കുമാറിനെ വാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഇതുകണ്ട് ഓടിവന്ന വീട്ടിലുള്ളവരെയും വെട്ടി. മോഹൻരാജ്, പുഷ്പവതി, രത്‌നാംബാൾ എന്നിവർ സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഗുരുതരാവസ്ഥയിൽ സെന്തിലിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. കൊല്ലപ്പെട്ട മോഹൻരാജ് ബിജെപി മടപ്പൂർ പഞ്ചായത്ത് പ്രസിഡന്റാണ്. കുറ്റവാളികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തെത്തി. കഴിഞ്ഞ മാസം തിരുനെൽവേലിയിലും ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ തിരുപ്പൂരിൽ ബിജെപി പ്രവർത്തകന്റെ കുടുംബം ഉൾപ്പെടെ കൊല്ലപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നാണ് ഇതിലൂടെ മനസിലാകുന്നതെന്നും അണ്ണാമലൈ പറഞ്ഞു.
അക്രമങ്ങളുടെയും കൊളളയുടെയും അഴിമതിയുടെയും കേന്ദ്രമായി തമിഴ്‌നാട് മാറി. ഇത്തരം അക്രമങ്ങളിലൊന്നും ഡിഎംകെ സർക്കാരിന് യാതൊരു ആശങ്കയുമില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി. ജനങ്ങൾ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. പക്ഷെ ഡിഎംകെ സർക്കാരിന്റെ മദ്യ ഇടപാടുകാർ കൂടുതൽ ഇടങ്ങളിൽ മദ്യഷോപ്പുകൾ തുറന്ന് പണം ഉണ്ടാക്കികൊണ്ടിരിക്കുകയാണെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി.
Discussion about this post