മെൽബൺ: മനുഷ്യന്റെ തലച്ചോറിൽ ജീവനുള്ള വിരയെ കണ്ടെത്തി. ഓസ്‌ട്രേലിയലിലെ കാൻബറയിലാണ് സംഭവം. ലോകത്ത് ആദ്യമായിട്ടാണ് തലച്ചോറിൽ നിന്നും ജീവനുള്ള വിരയെ കണ്ടെത്തുന്നത്.
കാൻബറയിൽ നിന്നും സയിന്റിഫിക് ജേണലിലാണ് വിരയെ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ന്യൂ സൗത്ത് വെയിൽസ് സ്വദേശിനിയായ 64 കാരിയുടെ തലച്ചോറിലാണ് വിരയെ കണ്ടെത്തിയത്. തുടർന്ന് ഇതിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഇവർ സുഖം പ്രാപിച്ചുവരികയാണ്.
കഴിഞ്ഞ വർഷമാണ് 64കാരിയെ കാൻബറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർച്ചയായി വയറുവേദന, വയറിളക്കം, പനി, വരണ്ട ചുമ, വിഷാദം, ഓർമ്മക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയുടെ ഭാഗമായി തല സ്‌കാൻ ചെയ്തപ്പോൾ ക്ഷതവും അതിനുള്ളിൽ നൂല് പോലത്തെ ഒരു വസ്തുവും കണ്ടെത്തി. തുടർന്ന് ബയോപ്‌സിയ്ക്കായി ക്ഷതമുള്ള ഭാഗം പരിശോധിച്ചപ്പോൾ ചുവന്ന വിരയെ കാണുകയായിരുന്നു. എട്ട് സെന്റീമീറ്റർ ആയിരുന്നു വിരയുടെ നീളം.
ഏതിനത്തിൽപ്പെട്ട വിരയാണെന്ന് തിരിച്ചറിയുന്നതിനായി ഇതിനെ പരിശോധനയ്ക്കായി അയച്ചു. ഇതിൽ ഓസ്‌ട്രേലിയയിലെ പെരുമ്പാമ്പ് വിഭാഗത്തിൽപ്പെട്ട കാർപ്പറ്റ് പൈത്തണിൽ കാണപ്പെടുന്ന ഒഫിഡാസ്‌കറിസ് റോബർട്ട്‌സി എന്ന പരാതമാണ് ഇതെന്ന് കണ്ടെത്തുകയായിരുന്നു. പാമ്പുകളുടെ അന്നനാളത്തിലാണ് ഇവ വസിക്കാറുള്ളത്.
വിരയെ പുറത്തെടുത്തു എങ്കിലും ലാർവകൾ ഇവരുടെ കരൾ, വൃക്കകൾ, ശ്വാസകോശം എന്നിവയെ എല്ലാം ബാധിച്ചിരുന്നു. ഇതേ തുടർന്നാണ് ആശുപത്രിയിൽ തന്നെ തുടരുന്നത്. അതേസമയം തലച്ചോറിൽ നിന്നും ജീവനുള്ള വിരയെ കണ്ടെത്തിയ സംഭവം ശാസ്ത്രലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.
Discussion about this post