ന്യൂഡൽഹി: അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നതിലും സ്വപ്‌നങ്ങൾക്ക് പ്രചോദനം നൽകുന്നതിലും അദ്ധ്യാപകർ നിർണായക പങ്കു വഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോ. സർവ്വേപ്പളളി രാധാകൃഷ്ണന്റെ ജൻമവാർഷികമാണ് അദ്ധ്യാപക ദിനമായി ആഘോഷിക്കുന്നത്.
ഇത്തവണത്തെ ദേശീയ അദ്ധ്യാപക പുരസ്‌കാരം നേടിയവരുമായി ഇന്നലെ നടത്തിയ സംവാദത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ഡോ. എസ് രാധാകൃഷ്ണനോടുളള ആദരവും പ്രധാനമന്ത്രി രേഖപ്പെടുത്തി.
പുരസ്‌കാരം നേടിയ അദ്ധ്യാപകരെ അഭിനന്ദിച്ച പ്രധാനമന്ത്രി ക്ലാസ് മുറികളിൽ അദ്ധ്യാപകർ വാർത്തെടുക്കുന്നത് ഇന്ത്യയുടെ ഭാവി കൂടിയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുടെ യുവമനസുകളെ പരുവപ്പെടുത്തുന്നതിൽ അദ്ധ്യാപകരുടെ സമർപ്പണവും വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിലുളള ദൃഢമായ പ്രതിബദ്ധതയും പ്രചോദനകരമാണന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
Discussion about this post