ലക്‌നൗ: സനാതന ധർമ്മം പകർച്ചവ്യാധിയാണെന്നും ഉൻമൂലനം ചെയ്യണമെന്നുമുളള ആഹ്വാനത്തിലൂടെ ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ യുപിയിൽ കേസ് രജിസ്റ്റർ ചെയ്തു. ഉദയനിധിയുടെ അഭിപ്രായത്തെ പിന്തുണച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയാങ്ക് ഖാർഗെയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
റാംപൂരിലെ സിവിൽ ലൈൻസ് പോലീസ് സ്‌റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ഹർഷ് ഗുപ്ത, റാം സിംഗ് ലോധി എന്നീ അഭിഭാഷകർ നൽകിയ പരാതിയിലാണ് നടപടിയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഡെങ്കിയും മലേറിയയും കോവിഡും ഉൻമൂലനം ചെയ്തതുപോലെ സനാതന ധർമ്മവും ഉൻമൂലനം ചെയ്യണമെന്ന് ആയിരുന്നു തമിഴ്‌നാട് യുവജന ക്ഷേമ മന്ത്രി കൂടിയായ ഉദയനിധിയുടെ പരാമർശം. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമവാർത്തകൾ സഹിതമാണ് പരാതി നൽകിയത്.
ഉദയനിധിയുടെ വാക്കുകൾ തങ്ങളുടെ ഉള്ളിലുളള മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. കരുതിക്കൂട്ടിയുളള പ്രവൃത്തിയിലൂടെ മതവികാരത്തെ വ്രണപ്പെടുത്തിയതിന് സെക്ഷൻ 295 എ പ്രകാരവും രണ്ട് വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തിയതിന് 153 എ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ ഉദയനിധി സ്റ്റാലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മേഖലകളിൽ നിന്നുളള 262 പ്രമുഖർ കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് കത്തയച്ചിരുന്നു. ഉദയനിധി മാപ്പു പറയാൻ പോലും വിസമ്മതിച്ചുവെന്നു സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്കാണ് അതിലൂടെ വിഷമം ഉണ്ടായെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
Discussion about this post