ഗുജറാത്ത്: മൂന്ന് വയസ് തികയാത്ത കുട്ടികളെ പ്രീ സ്‌കൂളിൽ ചേർക്കുന്നത് നിയമവിരുദ്ധമെന്ന് കോടതി. ജൂൺ ഒന്നിന് 6 വയസ് തികയാത്ത കുട്ടികൾക്ക് ഒന്നാം ക്ലാസിൽ അഡ്മിഷൻ നൽകാൻ പാടില്ലെന്ന് നിർദ്ദേശിച്ച വിധിയിലാണ് കോടതി ഇക്കാര്യവും വ്യക്തമാക്കിയത്. കുട്ടികളെ സ്‌കൂളിൽ ചേർക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം രക്ഷിതാക്കൾ നൽകിയ ഹർജി തളളിക്കൊണ്ടാണ് കോടതിയുടെ വിധി.
ഒന്നാം ക്ലാസിൽ ചേരണമെങ്കിൽ ജൂൺ ഒന്നിന് ആറ് വയസ് തികയണമെന്നാണ് നിയമം. കുട്ടികൾ പ്രീസ്‌കൂളിൽ മൂന്നു വയസിനു മുൻപ് പ്രവേശനം നേടിയതിനാൽ 2023 ജൂൺ ഒന്നിന് ആറ് വയസ് തികഞ്ഞിരുന്നില്ല. ജൂൺ ഒന്ന് എന്ന നിബന്ധന വെച്ചതുകൊണ്ടു മാത്രം ഏകദേശം 90,0000 കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശനിയമ പ്രകാരമുളള അവരുടെ അവകാശം നിഷേധിക്കലാണ് നടന്നതെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. മൂന്ന് വയസായ കുട്ടികൾക്ക് പ്രീ സ്‌കൂളിൽ ചേരുന്നതിലുളള വിലക്കിൽ ഇളവ് നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ മൂന്നു വയസ് വരെ ഒരു കുട്ടിക്ക് മതിയായ ബാല്യകാല പരിചരണം ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അതിനു ശേഷം മാത്രമേ പ്രീസ്‌കൂൾ പഠനം നടത്താവൂ എന്നും കോടതി വ്യക്തമാക്കി. ഒരു കുട്ടിയുടെ മസ്തിഷ്‌ക വളർച്ചയുടെ 85 ശതമാനവും ആറു വയസ്സിനു മുൻപാണ് നടക്കുന്നത്. അതിനു ശേഷം മാത്രമേ ഒന്നാം ക്ലാസിലേക്ക് പ്രവേശനം അനുവദിക്കാനാവൂ. 2020 ലെ ദേശീയ വിദ്യാഭ്യാസനയത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ദേശീയ വിദ്യാഭ്യാസനിയമപ്രകാരം ഒരു കുട്ടിക്ക് ആറു വയസ്സു മുതൽ പതിനാലു വയസ്സ് വരെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് അർഹതയുണ്ട്. അത് ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ചുമതലയാണ്. എന്നാൽ മൂന്നു വയസ്സിനു മുൻപ് രക്ഷിതാക്കൾ കുട്ടികളെ പ്രീസ്‌കൂളിൽ അയച്ചത് കുറ്റകരമാണ്, അതിനാൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
Discussion about this post