ന്യൂഡൽഹി: ബിസ്‌ക്ക്റ്റ് പാക്കറ്റിൽ രേഖപ്പെടുത്തിയതിനേക്കാൾ ഒരെണ്ണം കുറഞ്ഞതിന് കമ്പനി ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ ഫോറം. സൺഫീസ്റ്റ് മാരി ഗോൾഡ് ബിസ്‌ക്കറ്റ് വാങ്ങിയ ആളാണ് പറ്റിക്കപ്പെട്ടത്.
പായ്ക്കറ്റിൽ 16 ബിസ്‌ക്കറ്റ് ഉണ്ടാകുമെന്നാണ് രേഖപ്പെടുത്തിയത്. എന്നാൽ കഴിക്കാൻ തുറന്നുനോക്കിയപ്പോൾ 15 എണ്ണം മാത്രമാണുണ്ടായിരുന്നത്. തുടർന്ന് ചെന്നൈ സ്വദേശിയായ ഉപഭോക്താവ് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
രണ്ട് ഡസനോളം ബിസ്‌ക്കറ്റ് പാക്കറ്റ് തെരുവുനായ്ക്കൾക്ക് നൽകാനാണ് യുവാവ് വാങ്ങിയത്. പാക്കറ്റ് തുറന്നു നോക്കിയപ്പോൾ ഓരോന്നിലും 15 ബിസ്‌ക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കടക്കാരനെ സമീപിച്ചെങ്കിലും അദ്ദേഹം കയ്യൊഴിയുകയായിരുന്നു. ബിസ്‌ക്കറ്റ് നിർമ്മാതാക്കളായ ഐ ടി സിയെ സമീപിച്ചെങ്കിലും കൃത്യമായ വിശദീകരണം ലഭിച്ചില്ല.തുടർന്നാണ് അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ഐ ടി സി കമ്പനി ഒരു ദിവസം 50 ലക്ഷം ബിസ്‌ക്കറ്റ് പാക്കറ്റുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഒരു ബിസ്‌ക്കറ്റിന് 75 പൈസ വച്ച് കണക്കുകൂട്ടിയാൽ, പൊതുജനങ്ങളെ കബളിപ്പിച്ച് കമ്പനി 29 ലക്ഷത്തോളം രൂപയാണ് സമ്പാദിക്കുന്നതെന്ന് പരാതിക്കാരൻ ആരോപിച്ചു. എന്നാൽ എണ്ണം കണക്കാക്കിയല്ല തൂക്കം കണക്കാക്കിയാണ് വിൽപ്പന നടത്തുന്നതെന്ന് കമ്പനി വാദിച്ചു. തുടർന്ന് തൂക്കം പരിശോധിച്ചപ്പോൾ 76 ഗ്രാമാണ് പായ്ക്കറ്റിൽ രേഖപ്പെടുത്തിയത്. എന്നാൽ 15 ബിസ്‌ക്കറ്റുള്ള പായ്ക്കറ്റ് പരിശോധിച്ചപ്പൾ 74 ഗ്രാം തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.
Discussion about this post