ന്യൂഡൽഹി: ഇരുപത് അംഗരാജ്യങ്ങൾ അടക്കം രാഷ്ട്രത്തലവന്മാരും മറ്റു പ്രതിനിധികളും പങ്കെടുക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച എത്തും. ഭാര്യ ജിൽ ബൈഡന് കോവിഡ് സ്ഥിരീകരിച്ചതോടെ ബൈഡന്റെ യാത്രയും ആശങ്കയിൽ ആയിരുന്നു. എന്നാൽ പരിശോധനാഫലം നെഗറ്റീവ് ആയതിനാൽ അദ്ദേഹത്തിന് ഉച്ചകോടിക്ക് എത്താൻ സാധിക്കും.
വലിയ സുരക്ഷയാണ് രാജ്യത്ത് എത്തുന്ന ബൈഡനായി ഒരുക്കിയിരിക്കുന്നത്. ഒരാഴ്ച മുൻപ് തന്നെ ന്യൂഡൽഹിയിൽ ഇതിനുള്ള സന്നാഹങ്ങൾ ആരംഭിച്ചിരുന്നു. യു എസിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം നേരത്തെ നിരീക്ഷണത്തിനായി എത്തി സുരക്ഷ വിലയിരുത്തിയിരുന്നു. ന്യൂഡൽഹിയിലെ ഐ ടി സി മൗര്യ ഷെറാട്ടണിലാണ് അദ്ദേഹത്തിന്റെ താമസത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. കമാൻഡോകളെ വിന്യസിക്കുന്നതടക്കം എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷയ്ക്ക് അത്യന്താധുനികമായ പിസ്റ്റളുകൾ, ബോംബ് ഡിറ്റക്റ്ററുകൾ, കൺട്രോൾ റൂം എന്നിവയും യാത്രായ്ക്കായി ഹെലിക്കോപ്റ്ററുകളും ദ ബീസ്റ്റ് അടക്കം അതീവ സൗകര്യങ്ങൾ ഉള്ള വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാർ എന്നാണ് ദ ബീസ്റ്റ് അറിയപ്പെടുന്നത്. ബുള്ളറ്റ് പ്രൂഫ് വിൻഡോകളും ടിയർ ഗ്യാസ് ഡിസ്‌പെൻസറും ബോംബ് സ്‌ഫോടനങ്ങളെപ്പോലും നേരിടാൻ ഉള്ള മറ്റു സൗകര്യങ്ങളും ഈ ലിമോസിൻ കാറിന്റെ പ്രത്യേകതകളാണ്.
വെള്ളിയാഴ്ച ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും. യുക്രെയ്‌നിൽ റഷ്യ നടത്തുന്ന ആക്രമണത്തിന്റെ പരിണിതഫലങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമാകുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post