ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 18 മുതല്‍ ചേരുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി. കീഴ്‌വഴക്കങ്ങളെ അനുസരിച്ചാണ് സഭാ സമ്മേളനം വിളിച്ചുകൂട്ടുന്നതെന്നും സോണിയ ഒരുപക്ഷേ അത് ശ്രദ്ധിക്കുന്നുണ്ടാവില്ലെന്നും അദ്ദേഹം പരിഹസിച്ചു. സോണിയ അനാവശ്യമായി രാഷ്ട്രീയം കളിക്കുകയാണെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘കീഴ്‌വഴക്കങ്ങളെ അനുസരിച്ചാണ് സമ്മേളനം വിളിച്ചുകൂട്ടുന്നത്. നിങ്ങള്‍ ഒരുപക്ഷേ അത് ശ്രദ്ധിക്കുന്നുണ്ടാവില്ല. സമ്മേളനത്തിന് മുമ്പ് പ്രതിപക്ഷ കക്ഷികളുമായി ഒരു സര്‍ക്കാരുകളും ഒന്നും ചര്‍ച്ച ചെയ്യാറില്ല. രാഷ്ട്രപതി സഭാ സമ്മേളനം വിളിച്ചശേഷം സമ്മേളനം ചേരുന്നതിന് മുമ്പായി ചേരുന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് വിഷയം അവതരിപ്പിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍ അങ്ങനെയാണ് മുമ്പും ചെയ്തിരുന്നതെന്നും സോണിയയെ ഓര്‍മിപ്പിക്കുന്നു’, പ്രഹ്ലാദ് ജോഷി പറഞ്ഞു.
സമ്മേളനത്തിന് മുമ്പ് അജണ്ട പുറത്തുവിടുന്ന കീഴ്വഴക്കം ഇതുവരെയുമില്ല. ആവശ്യമില്ലാതെ വിവാദം സൃഷ്ടിക്കാനുള്ള സോണിയാ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റയും മറ്റൊരു തീവ്രശ്രമത്തിന്റെ ഭാഗമാണിത്. സമ്മേളനത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ഈ ശ്രമം നിരാശാജനകമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
പ്രതിപക്ഷ പാര്‍ട്ടികളുമായി യാതൊരു വിധത്തിലുള്ള ചര്‍ച്ചകളുമില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ത്തതെന്നും എന്താണ് സമ്മേളനത്തിലെ അജണ്ട എന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു വ്യക്തതയില്ലെന്നും കാട്ടി സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു.
Discussion about this post