എറണാകുളം: കൊച്ചിയിൽ വൻ മയക്കുമരുന്ന് ശേഖരവുമായി കാസർകോട് സ്വദേശി പിടിയിൽ. ഉദുമ ബോറ ഫാത്തിമ മൻസിലിൽ അബ്ദുൾ സലാം(27) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 69. 12 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
രാവിലെയോടെയായിരുന്നു സംഭവം. മയക്കുമരുന്ന് വിൽപ്പന നടത്താൻ എളമക്കര കറുകപ്പിള്ളി ഭാഗത്ത് എത്തിയതായിരുന്നു അബ്ദുൾ സലാം. ഇതിനിടെയാണ് പിടിയിലായത്. പ്രദേശത്തെ മയക്കുമരുന്ന് വിൽപ്പന സംബന്ധിച്ച് പോലീസ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം സ്ഥലത്ത് എത്തുകയായിരുന്നു.
കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും എളമക്കര പോലീസും സംയുക്തമായാണ് അബ്ദുൾ സലാമിനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ബംഗളൂരുവിൽ നിന്നുമാണ് ഇയാൾ മയക്കുമരുന്ന് കൊണ്ടുവരുന്നത്. ഇത്തരത്തിൽ എത്തിക്കുന്ന ലഹരിവസ്തു വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി വിൽപ്പന നടത്തുകയാണ് ഇയാളുടെ രീതി. എളമക്കര സബ് ഇൻസ്‌പെക്ടർ അയിൻ ബാബു, എഎസ്ഐ ലാലു ജോസഫ്, എസ്സിപിഒമാരായ സുധീഷ്, അനീഷ്, സിപിഒ ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.












