ന്യൂഡൽഹി:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ഭാര്യ സുനിതാ കെജ്രിവാളിന് എതിരെ ഡൽഹി കോടതി കേസ് എടുത്തു.രണ്ടു മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ പേരു ചേർത്തു എന്നതാണ് സുനിതാ കെജ്രിവാളിന് എതിരായ ആരോപണം.ഉത്തർപ്രദേശിലെ സാഹിബാബാദ്,ഡൽഹിയിലെ ചാന്ദ്നി ചൗക്ക് എന്നീ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിലാണ് പേരുകൾ ചേർത്തിരിക്കുന്നത് എന്ന് പരാതിയിൽ പറയുന്നു.ജനപ്രാതിനിധ്യ നിയമത്തിൻ്റെ ലംഘനമാണ് അവർ നടത്തിയത് എന്നാരോപിച്ച് ബി ജെ പി നേതാവ് ഹരീഷ് ഖുറാനയാണ് പരാതി നൽകിയത്.
സുനിതയ്ക്ക് എതിരെ പ്രഥമദൃഷ്ട്യാ കേസ് എടുക്കാൻ ഉള്ള വകുപ്പ് നിലനിൽക്കുന്നുവെന്ന് കേസ് പരിഗണിച്ച തീസ് ഹസാരി കോടതി അറിയിച്ചു.പരാതിക്കാരൻ്റെയും മറ്റു സാക്ഷികളുടെയും മൊഴികൾ പരിഗണിച്ച ശേഷം ആണ് കോടതി കേസ് എടുത്തത്.1950 ലെ ജനപ്രാതിനിധ്യ നിയമം 31ആ0 വകുപ്പ് പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അവർക്കെതിരെ ചുമത്തിയിരിക്കുന്നത്.പരമാവധി രണ്ടു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ് ഈ കുറ്റം.
സുനിതാ കെജ്രിവാളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ഉത്തർപ്രദേശിലെയും ഡൽഹിയിലെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ഡൽ ഹി കോടതി ആവശ്യപ്പെട്ടിരുന്നു.വോട്ടർ പട്ടികയുടെ രണ്ടു സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ പരാതിക്കാരനും തെളിവായി ഹാജരാക്കിയിരുന്നു.ഈ രേഖകൾ പരിശോധിച്ച ശേഷം കോടതി സുനിതയെ പ്രതിയാക്കി സമൻസ് അയച്ചു.നവംബർ 18 നാണ് കോടതി അടുത്തതായി ഈ കേസ് പരിഗണിക്കുന്നത്.
ആദായനികുതി വകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന സുനിത 22 വർഷത്തോളം സേവനം അനുഷ്ഠിച്ചാണ് വിരമിച്ചത്.1993 ലെ ഐ ആർ എസ് ബാച്ചിൽ ഓഫീസർ ആയിരുന്ന അവർ അവിടെ വെച്ചാണ് അരവിന്ദ് കെജ്രിവാളിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.
Discussion about this post