ചെന്നൈ : ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തെ അവഹേളിച്ചതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പ് വീണ്ടും പ്രകോപനവുമായി ഡി എം കെ. ഉദയനിധി പറഞ്ഞപോലെയുള്ള സാധാ ഡെങ്കിപ്പനിയും മലേറിയയും അല്ല സനാതന ധര്‍മ്മം മറിച്ച് എച്ച്‌ഐവിയും കുഷ്ഠ രോഗവുമാണെന്നാണ് ഡിഎംകെ നേതാവ് എ രാജയുടെ നിലപാട്. സനാതാന ധര്‍മ്മം സാമൂഹിക വിപത്താണെന്നും എത്രയും വേഗം തുടച്ച് നീക്കണമെന്നും രാജ പറഞ്ഞു.
“സനാതന ധര്‍മ്മത്തെ മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളുമായി മാത്രമേ ഉദയനിധി ഉപമിച്ചിട്ടുള്ളൂവെന്നും പകരം എച്ച്‌ഐവിയുമായും കുഷ്ഠ രോഗവുമായും താരതമ്യം ചെയ്യണം. സനാതന ധര്‍മ്മത്തോടുള്ള ഉദയനിധിയുടെ സമീപനം മൃദുവായിരുന്നു. സനാതനവും വിശ്വകര്‍മ യോജനയും വ്യത്യസ്തമല്ല, ഒന്നുതന്നെയാണ്. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങള്‍ സാമൂഹികമായ കളങ്കമല്ല. പക്ഷെ കുഷ്ഠരോഗവും എച്ച്‌ഐവിയും വെറുപ്പുളവാക്കുന്നതാണ്. സനാതന ധര്‍മ്മവും അതേപോലെയാണ്. ഇവയെ സമൂഹത്തില്‍ നിന്ന് തുടച്ച് നീക്കുക തന്നെ വേണം”, രാജ പറഞ്ഞു.
സനാതന ധര്‍മ്മത്തെക്കുറിച്ച് ആരുമായും സംവാദത്തിന് തയ്യാറാണ്. അത് 10 ലക്ഷമോ ഒരു കോടിയോ ആയാലും എനിക്ക് പ്രശ്നമില്ല, അവര്‍ ഏത് ആയുധവും വഹിക്കട്ടെ. പ്രധാനമന്ത്രി അനുവദിക്കുകയാണെങ്കില്‍ ക്യാബിനറ്റ് മന്ത്രിമാരുമായി സംവാദം നടത്താന്‍ ഒരുക്കമാണ്. പെരിയാറിന്റെയും അംബേദ്കറിന്റെയും പുസ്തകങ്ങളുമായി ഡല്‍ഹിയില്‍ വന്ന് ഏറ്റുമുട്ടാന്‍ തനിക്ക് ഭയമില്ലെന്നും രാജ കൂട്ടിച്ചേര്‍ത്തു.
മലേറിയ, ഡെങ്കിപ്പനി പോലെ ഒരു രോഗമാണ് സനാതന ധര്‍മ്മമെന്നും അത് സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കേണ്ടതുണ്ടെന്നുമായിരുന്നു ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ നിലപാട്. ഇതില്‍ രാജ്യം മുഴുവന്‍ വലിയ രീതിയിലുള്ള പ്രതിഷേധം നടക്കുമ്പോള്‍ തന്നെയാണ് എരിതീയില്‍ എണ്ണ ഒഴിക്കുന്നതിനായി പുതിയ പരാമര്‍ശങ്ങളുമായി പാര്‍ട്ടി വീണ്ടും രംഗത്ത് വന്നത്.
Discussion about this post